കൊച്ചി: അപകടത്തിൽ പരുക്കേറ്റ യുവാവിന് നഷ്ടപരിഹാരം നൽകാത്ത നിലപാടിൽ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പളളിക്കെതിരെ ആഞ്ഞടിച്ച് കേരള ഹൈക്കോടതി. വണ്ടർലാ അമ്യുസ്മെന്റ് പാർക്കിൽ ഉണ്ടായ അപകടത്തിലാണ് യുവാവിന് പരുക്കേറ്റത്. കേസിൽ വാദം കേട്ട കോടതി എത്ര പണമുണ്ടാക്കിയാലും ഒരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്ന് ചിറ്റിലപ്പളളിയുടെ അഭിഭാഷകനെ ഓർമ്മിപ്പിച്ചു.
വീഗാലാന്റിലെ റൈഡിൽ വച്ച് 2002 ലാണ് വിജേഷിന് അപകടമുണ്ടായത്. നട്ടെല്ലിന് പരുക്കേറ്റ് വർഷങ്ങളായി കിടപ്പിലാണ് വിജേഷ്. വിജേഷിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നാണ് ചിറ്റിലപ്പളളി പറഞ്ഞത്. അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിജേഷ് സമർപ്പിച്ച ഹർജിയിൽ, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ രൂക്ഷമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്.
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ലെന്ന് ഹൈക്കോടതി പറഞ്ഞു. “എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ല. മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളൂ. പ്രശസ്തിക്ക് വേണ്ടിയല്ല അതൊന്നും ചെയ്യേണ്ടത്,” കോടതി കൂട്ടിച്ചേർത്തു.
അപകടം ഉണ്ടായ ഉടൻ വിജേഷിനെ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് ആരോപണമുണ്ട്. ഇയാൾക്ക് 50000 രൂപയാണ് ആദ്യം ചികിത്സാ സഹായം നൽകിയത്. എന്നാൽ പിന്നീട് ഈ അപകടം നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ചാണ് നഷ്ടപരിഹാരം നൽകാതിരുന്നത്.
സ്വന്തം കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത വിജേഷിന്റെ സ്ഥിതി മനസ്സിലാക്കാൻ ചിറ്റിലപ്പള്ളിയെ പോലെയുളള ഒരാള്‍ക്ക് സാധിക്കുന്നില്ലേന്ന് ചോദിച്ച കോടതി, അക്കാര്യം ഞെട്ടലുണ്ടാക്കുന്നുവെന്നും പറഞ്ഞു. 17.25 ലക്ഷം രൂപയാണ് വിജേഷ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കിൽ ചിറ്റിലപ്പള്ളി കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പും നൽകി.