scorecardresearch
Latest News

മസാല ബോണ്ട്: കേന്ദ്ര സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് ഇ ഡിയോട് ഹൈക്കോടതി

തങ്ങള്‍ക്കെതിരെ മാത്രമാണു നടപടിയെന്നും മറ്റു സ്ഥാപനങ്ങള്‍ക്കെതിരായ അന്വേഷണത്തെക്കുറിച്ച് വിശദീകരണം തേടണമെന്നും കിഫ്ബി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഉത്തരവ്

മസാല ബോണ്ട്: കേന്ദ്ര സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് ഇ ഡിയോട് ഹൈക്കോടതി

കൊച്ചി: മസാല ബോണ്ട് വാങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനകള്‍ക്കെതിരെ അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറ്റേറ്റി (ഇ ഡി)നു ഹൈക്കോടതിയുടെ നിര്‍ദേശം. തങ്ങള്‍ക്കെതിരെ മാത്രമാണു നടപടിയുള്ളൂവെന്നും മറ്റു സ്ഥാപനങ്ങള്‍ക്കെതിരെ നടത്തിയ അന്വേഷണത്തെക്കുറിച്ച് ഇ ഡിയോട് വിശദീകരണം തേടണമെന്നും കിഫ്ബി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്.

നാഷണല്‍ ഹൈവേ അതോറിറ്റി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ മസാല ബോണ്ട് വാങ്ങിയിട്ടുണ്ടങ്കിലും ഇവര്‍ക്കെതിരെ അന്വേഷണമോ നടപടിയോ ഇല്ലന്നും തങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് അന്വേഷണം നടത്തുകയാണന്നും കിഫ്ബി ചൂണ്ടിക്കാട്ടി.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ നോട്ടിസിലെ തുടര്‍ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി തോമസ് ഐസക്കും കിഫ് ബി മനേജിങ് ഡയറക്ടറും മറ്റും സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് വി ജി അരുണ്‍ പരിഗണിച്ചത്.

റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ട് വാങ്ങിയതെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും ഇതേ രീതിയാണ് അവലംബിച്ചിട്ടുള്ളതെന്നും കിഫ് ബി ബോധിപ്പിച്ചു. കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും തുടരുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കിഫ്ബി ചൂണ്ടിക്കാട്ടി. കേസ് 23 നു കോടതി പരിഗണിക്കും.

വിദേശനാണ്യ വിനിമയ ലംഘനം അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് അധികാരമില്ലെന്നും അധികാരം റിസര്‍വ് ബാങ്കിനാണന്നും കിഫ്ബി ഹൈക്കോടതിയില്‍ നേരത്തെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കിഫ്ബി വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതായി സംശയമുണ്ടെന്നായിരുന്നു ഇ ഡി പരാമര്‍ശിച്ചത്.

ഫണ്ട് വരുന്നതില്‍ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെന്ന് പറയാനാവില്ലന്നും വിനിയോഗത്തില്‍ മാത്രമേ നിയമലംലനം ആരോപിക്കാനാവൂയെന്നും കിഫ്ബി ചൂണ്ടിക്കാട്ടിയിരുന്നു. നല്ല ഉദ്ദേശത്തില്‍ അല്ല ഇഡി സമന്‍സ് അയച്ചത്. പ്രവര്‍ത്തനങ്ങള്‍ ഇ ഡി അനാവശ്യമായി തടസപ്പെടുത്തുകയാണെന്നും ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുകയാണെന്നും കിഫ്ബി ചൂണ്ടിക്കാട്ടി.

Kerala HC asks ED to furnish details of inquiry against public enterprises who had issued Masala bond

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala hc asks ed to furnish details of inquiry against public enterprises who had issued masala bond