കൊച്ചി: സുപ്രീം കോടതി സ്വവർഗ ബന്ധങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകി ആഴ്ചകൾക്കുളളിൽ കേരള ഹൈക്കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചു. പ്രണയിനികൾക്ക് ഒന്നിച്ച് ജീവിക്കാൻ അനുമതി നൽകികൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. 40 വയസ്സും 24 വയസ്സുമുളള സ്ത്രീകളുടെ കാര്യത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി.
കൊല്ലം പടിഞ്ഞാറെ കല്ലടയിലെ ശ്രീജ എന്ന നാൽപ്പതുകാരി നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. ജഡ്ജിമാരായ സി.കെ.അബ്ദുൾ റഹിം, നാരായണ പിഷാരടി എന്നിവരാണ് ഹേബിയസ് കോർപ്പസ് ഹർജിയിൽ വിധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അരുണ എന്ന ഇരുപത്തിനാലുകാരിയും താനുമായി പ്രണയത്തിലാണെന്നും അരുണയെ രക്ഷിതാക്കൾ അനധികൃതമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും കോടതിയിൽ പറഞ്ഞു.
ഞങ്ങളെ ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച ശ്രീജ, ഈ വർഷം ഓഗസ്റ്റ് മുതൽ തങ്ങൾ ഒന്നിച്ച് ജീവിക്കുകയായിരുന്നു (ലിവിങ് ടുഗെദർ) എന്നും കോടതിയെ ബോധിപ്പിച്ചു. ഈ സമയത്ത് അരുണയുടെ രക്ഷിതാക്കൾ അരുണയെ കാണാതായെന്ന് കാണിച്ച് മിസ്സിങ് കേസ് നൽകി. ഈ കേസിന്റെ പശ്ചാത്തലത്തിൽ അരുണയെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അരുണയെ കോടതി സ്വതന്ത്രയാക്കി വിട്ടുവെങ്കിലും അരുണയെ കുടുംബം ബലാൽക്കാരമായി പിടിച്ചു കൊണ്ടുപോവുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു.
അരുണയെ മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അവിടെയെത്തി അരുണയെ കണ്ടുവെന്നും എന്നാൽ അരുണയെ ശ്രീജയ്ക്കൊപ്പം വിടാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും പരാതിക്കാരി പറയുന്നു. ഇതേ തുടർന്നാണ് അരുണയെ കോടതിക്ക് മുമ്പാകെ ഹാജരാക്കാൻ പൊലീസിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്.
തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് ശ്രീജയ്ക്ക് ഒപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് അരുണ വ്യക്തമാക്കി. തുടർന്നായിരുന്നു കോടതി വിധി.