കൊച്ചി: ബലാത്സംഗത്തിന് ഇരയായ ബുദ്ധിവൈകല്യമുള്ള പതിനേഴുകാരിയുടെ 26 ആഴ്ച പ്രായമായ ഗര്‍ഭം അവസാനിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ഗര്‍ഭം തുടരുന്നതു പെണ്‍കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.
ഓരോ ദിവസവും വൈകുന്നത് അതിജീവിതയുടെ യാതന വര്‍ധിപ്പിക്കുമെന്നു നിരീക്ഷിച്ച കോടതി, ഗര്‍ഭം അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ സംഘം രൂപീകരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആശുപത്രി സൂപ്രണ്ടിനു നിര്‍ദേശം നല്‍കി.
ന്യായമായ നിയന്ത്രണങ്ങള്‍ക്കു വിധേയമായി, പ്രത്യുല്‍പ്പാദനപരമായ തിരഞ്ഞെടുപ്പ് നടത്താനുള്ള സ്ത്രീയുടെ തീരുമാനം ഭരണഘടനയുടെ അനുച്‌ഛേദം 21 പ്രകാരം അവളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നു കോടതി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസി ബലാത്സംഗത്തിനിരയാക്കിയെന്നാണു കേസ്. പെണ്‍കുട്ടിയെ അടുത്തിടെ ഗൈനക്കോളജിസ്റ്റ് പരിശോധിക്കുന്നതുവരെ ഗര്‍ഭധാരണത്തെക്കുറിച്ച് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ഗര്‍ഭം അവസാനിപ്പിക്കാന്‍ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
ഗര്‍ഭധാരണം മൂലം പെണ്‍കുട്ടി കടുത്ത ആഘാതത്തിലും മാനസികവും ശാരീരികവുമായ സമ്മര്‍ദത്തിലുമാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇരയെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചു.
മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം കണക്കിലെടുത്താണു കോടതിയുടെ ഉത്തരവ്. ഗര്‍ഭാവസ്ഥയില്‍ തുടരുന്നതു പെണ്‍കുട്ടിയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണു ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
”എല്ലാ വശങ്ങളും പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡ്, ഗര്‍ഭം തുടരുന്നത് അതിജീവിതയുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും പെണ്‍കുട്ടിക്കു വിഷാദരോഗവും മനോവിഭ്രാന്തിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായത്തില്‍, ഇരയുടെ മാനസിക നില കണക്കിലെടുത്ത്, ഗര്‍ഭധാരണം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കുന്നതിനുള്ള ഹര്‍ജി അനുവദിക്കാന്‍ ആഗ്രഹിക്കുന്നു,” കോടതി അഭിപ്രായപ്പെട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
തന്റെ ഉത്തരവാദിത്തത്തില്‍ ശസ്ത്രക്രിയ ചെയ്യാന്‍ സമ്മതം നല്‍കിക്കൊണ്ടുള്ള പെണ്‍കുട്ടിയുടെ ഉചിതമായ സത്യവാങ്മൂലം നല്‍കാന്‍ പിതാവിനോട് കോടതി നിര്‍ദേശിച്ചു. പുറത്തെടുക്കുന്ന കുഞ്ഞിനു ജീവനുണ്ടെങ്കില്‍ ലഭ്യമായ ഏറ്റവും മികച്ച ചികിത്സ നല്‍കുന്നത് ആശുപത്രി ഉറപ്പാക്കണം. അങ്ങനെ അത് ആരോഗ്യമുള്ള കുട്ടിയായി വളരും. അത്തരമൊരു സാഹചര്യത്തില്‍, ഹര്‍ജിക്കാരന്‍ കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെങ്കില്‍, കുഞ്ഞിന്റെ മികച്ച താല്‍പ്പര്യങ്ങളും 2015-ലെ ബാലനീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമത്തിലെ വ്യവസ്ഥകളും ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാരും അതിന്റെ ഏജന്‍സികളും ആ ചുമതല ഏറ്റെടുക്കുകയും വൈദ്യസഹായവും സൗകര്യങ്ങളും നല്‍കുകയും ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു.