കൊച്ചി: ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ 28 ആഴ്ച പ്രായമായ ഗര്‍ഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാന്‍ അനുമതി നല്കി ഹൈക്കോടതി. പെണ്‍കുട്ടിയെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ ശിപാര്‍ശ പരിഗണിച്ചാണ് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്.
”ഗര്‍ഭം തുടരുന്നതു മൂലമുണ്ടാകുന്ന വേദന പതിനാലുകാരിയുടെ മാനസികാരോഗ്യത്തിനു കനത്ത ആഘാതമേല്‍പ്പിക്കുമെന്ന് അനുമാനിക്കുന്നു,” എന്ന മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തൽ ഹൈക്കോടതി കണക്കിലെടുക്കുകയായിരുന്നു. ഓഗസ്റ്റ് 12ലെ കോടതി ഉത്തരവ് പ്രകാരമാണു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്.
ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി പെണ്‍കുട്ടിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ സ്വന്തം ഉത്തരവാദിത്തത്തില്‍ ശസ്ത്രക്രിയ നടത്താന്‍ മെഡിക്കല്‍ സംഘത്തെ അധികാരപ്പെടുത്തിക്കൊണ്ടുള്ള ഉചിതമായ സത്യവാങ്മൂലം നല്കാന് കോടതി പരാതിക്കാരിയോട് നിര്‍ദേശിച്ചു.
ആറ് മാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാനാണ് അനുമതി. 24 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ലന്നിരിക്കെ സവിശേഷ അധികാരം വിനിയോഗിച്ചാണ് കോടതിയുടെ ഉത്തരവ്.
നടപടിക്രമത്തിനുശേഷം ഗര്‍ഭസ്ഥശിശു ജീവിരിപ്പുണ്ടെങ്കില്, ആരോഗ്യമുള്ള കുട്ടിയായി വളരുന്നതിനായി ലഭ്യമായ ഏറ്റവും മികച്ച ചികിത്സ ആശുപത്രി ഉറപ്പാക്കണമെന്നു കോടതി നിര്‍ദേശിച്ചു.
ഹരജിക്കാര്‍ കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറല്ലെങ്കില്‍, സര്‍ക്കാരും അതിന്റെ ഏജന്‍സികളും പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചികിത്സാ പിന്തുണയും സൗകര്യങ്ങളും നല്‍കുകയും ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
സമാനമായ കേസില്‍ പതിനഞ്ചുകാരിയുടെ ഗര്‍ഭഛിദ്രത്തിനു ജൂലൈയില്‍ ഹൈക്കോടതിയുടെ അനുമതി നല്കയിരുന്നു. ആറു മാസം പിന്നിട്ട ഗര്‍ഭം അവസാനിപ്പിക്കാനാണ് അന്ന് അനുമതി നല്‍കിയത്.
പതിമൂന്നുകാരിയുടെ 30 ആഴ്ച പിന്നിട്ട ഗര്‍ഭം അവസാനിപ്പിക്കാനും കഴിഞ്ഞമാസം ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത സഹോദരനായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.