തിരുവനന്തപുരം: പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേനയ്ക്ക് കേരളം 25 കോടി രൂപ നല്‍കണം. നിയമസഭയില്‍ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയില്‍ കേന്ദ്രത്തിന്, പ്രളയ സമയത്തെ റേഷന്‍ സാധനങ്ങള്‍ക്കും വിമാനങ്ങള്‍ക്കുമായി 290.74 കോടി രൂപ നല്‍കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

എന്നാല്‍ വ്യോമസേനയ്ക്കു നല്‍കേണ്ട തുക സംബന്ധിച്ച കണക്കുകള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ഇല്ലായിരുന്നു. വ്യോമസേനയ്ക്കു നല്‍കേണ്ടത് 25 കോടി രൂപയാണെന്നും ഇതിന്റെ ബില്‍ വ്യോമസേന സര്‍ക്കാരിനു കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പിന്നീട് സ്ഥിരീകരിച്ചു.

കേരളത്തിന്റെ സമഗ്ര പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ കിട്ടിയത് 2,683.18 കോടി രൂപയാണ്. ഇതുവരെ ചെലവഴിച്ചത് 688.48 കോടി രൂപ. നിലവില്‍ 706.74 കോടി രൂപ കൂടി ലഭ്യമായാലേ നാളിതുവരെയുള്ള ബാധ്യത തീര്‍ക്കാനാവുകയുള്ളൂ. കേന്ദ്ര സര്‍ക്കാരിന് തന്നെ റേഷന്‍ ഇനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങള്‍ ഉപയോഗിച്ചതിനുമായി 290.74 കോടി രൂപ നല്‍കേണ്ടതുണ്ട് എന്നതാണ് നിലവിലുള്ള സ്ഥിതി. എസ്ഡിആര്‍എഫിലുള്ള തുക മുഴുവന്‍ വിനിയോഗിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

31,000 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമുണ്ടെന്നാണ് യുഎന്‍ ഏജന്‍സികളുടെ കണക്കുകളിലൂടെ വ്യക്തമാകുന്നത്. ഈ പണം സ്വരൂപിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനുവേണ്ടി വിവിധതരത്തിലുള്ള വിഭവസമാഹരണ രീതികള്‍ ആവിഷ്‌ക്കരിക്കേണ്ടി വരും.

ശാസ്ത്രീയമായ പഠനങ്ങളുടെയും പ്രവാസികളുള്‍പ്പെടെ പുതിയ നിര്‍മ്മാണ സാങ്കേതികവിദ്യകളില്‍ അറിവും പരിചയവും അനുഭവവും ഉള്ളവരുടെയെല്ലാം അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പുനര്‍നിര്‍മ്മാണം നടത്തുക. പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ തകര്‍ന്നുപോകാത്ത നിര്‍മ്മാണങ്ങളാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്. ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സവിശേഷതകളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിര്‍മ്മാണമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook