തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് സംസ്ഥാനത്ത് വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കേരള സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും  മാറ്റിവച്ചു. ഈ പരീക്ഷ ഇനി എന്ന് നടക്കുമെന്ന കാര്യം പിന്നീട് അറിയിക്കുമെന്ന് സർവ്വകലാശാല വ്യക്തമാക്കി.

ആരോഗ്യ ശാസ്ത്ര സര്‍വകലാശാല  നടത്താനിരുന്ന തിയറി പരീക്ഷകള്‍ മാറ്റി, പകരം ശനിയാഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.  ഹയർ സെക്കൻഡറി അർദ്ധ വാർഷിക പരീക്ഷ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വെള്ളിയാഴ്ചയിലേക്ക് മാറ്റി.

ആരോഗ്യ കേരളം പദ്ധതിയിലേക്ക് തിരുവനന്തപുരത്ത് നടത്താനിരുന്ന അഭിമുഖ പരീക്ഷ മാറ്റി. പുതിയ തീയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ബുധനാഴ്ച പുലർച്ചെ 3.48 ഓടെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി കനകദുർഗയും ശബരിമലയിൽ സന്ദർശനം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പരന്നിരുന്നു.

ഇതേ തുടർന്ന് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സംഘർഷം നടക്കുകയാണ്. മണിക്കൂറുകളായി അക്രമത്തിന്റെ മുൾമുനയിലാണ് സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളും ഉളളത്.

വ്യാഴാഴ്ച രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ബിജെപിയും ഹർത്താലിനെ പിന്തുണക്കുന്നുണ്ട്. അതേസമയം രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

ആചാര ലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് ഹർത്താലിന് ആഹ്വാനം ചെയ്ത ശബരിമല കർമസമിതി ആരോപിച്ചു. മുഖ്യമന്ത്രി രാജിവച്ച് മാപ്പ് പറയണമെന്ന് ശബരിമല കർമ്മ സമിതി ഭാരവാഹി കൂടിയായ ബിജെപി നേതാവ് എസ്ജെആർ കുമാർ കൊച്ചി പാവക്കുളം ക്ഷേത്രത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.