തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞദിവസം നടന്ന ഹർത്താലിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്. അക്രമസംഭവങ്ങളിൽ ഇതുവരെ 3282 പേരെ അറസ്റ്റിലായതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 1286 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അറസ്റ്റിലായവരിൽ 2795 പേർക്ക് ജാമ്യം ലഭിച്ചപ്പോൾ 487 പേർ റിമാൻഡിലാണ്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്, 169 എണ്ണം. ഏറ്റവും കൂടുതൽ അറസ്റ്റ് പത്തനംതിട്ടയിലാണ്. അക്രമസംഭവങ്ങളിൽ പത്തനംതിട്ടയിൽ മാത്രം 314 അറസ്റ്റുണ്ടായി.

ഹർത്താലിന് ശേഷം രണ്ട് ദിവസം പിന്നിടുമ്പോഴും അക്രമ സംഭവങ്ങൾ അവസാനിക്കുന്നില്ല. ഇന്നലെ രാത്രി കണ്ണൂരില്‍ തലശ്ശേരിയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെയും സി.പി.എം നേതാവ് പി.ശശിയുടെയും വീടിന് നേരെ ബോംബേറുണ്ടായി. ഇതിന് പിന്നാലെ ബിജെപി നേതാവ് വി.മുരളീധരന്‍ എം.പിയുടെ തറവാട് വീടിന് നേരെയും ബോംബെറിഞ്ഞു. ഇരിട്ടിയില്‍ സി.പി.എം പ്രാദേശിക നേതാവിന് വെട്ടേറ്റു.

സംസ്ഥാനത്ത് കനത്ത ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ ബി.ജെ.പി-സി.പി.എം സംഘർഷം നിലനിൽക്കുന്ന അടൂരിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അടൂർ കൊടുമൺ പന്തളം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സംഘം ചേരുന്നതിനും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ