scorecardresearch
Latest News

നീതി തേടിയുളള സഹോദരന്റെ പോരാട്ടത്തിന് കൈതാങ്ങായി സാമൂഹ്യ കേരളം

തന്റെ സഹോദരനെ പൊലീസുകാർ വിഷം കൊടുത്തുകൊന്നുവെന്ന് പൊലിസ് കംപ്ലൈന്റ് അതോറിറ്റി കണ്ടെത്തിയിട്ടും അവരെ സംരക്ഷിക്കുന്നതിനെതിയുളള ശ്രീജിത്തിന്റെ അഹിംസാ പോരാട്ടമാണ് കേരളത്തിൽ ജനപിന്തുണയാർജ്ജിക്കുന്നത്. സമൂഹിത്തിന്റെ വിവിധ മേഖലകളിൽ നിന്നുളളവർ പിന്തുണയുമായി എത്തുന്നു

നീതി തേടിയുളള സഹോദരന്റെ പോരാട്ടത്തിന് കൈതാങ്ങായി സാമൂഹ്യ കേരളം

നീതി തേടി രണ്ട് വർഷത്തിലേറെയായി സഹനപോരാട്ടം നടത്തുന്ന സഹോദരന്രെ കൈ പിടിച്ച് സാമൂഹിക കേരളം. തലസ്ഥാനമായ തിരുവനന്തപുരത്ത് ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്രെ മുന്നിൽ 765 ദിവസത്തിലേറെയായി പൊലീസുകാരുടെയും ഭരണകർത്താക്കളുടെയും അനീതിക്കെതിരെ സമരം ചെയ്യുന്ന ശ്രീജിത്ത് എന്ന ചെറുപ്പക്കാരനൊപ്പം കേരളം അണിനിരക്കുകയായിരുന്നു. നൂറുകണക്കിന് ആളുകളാണ് കേരളത്തിന്രെ വിവിധ പ്രദേശങ്ങളിൽ നിന്നും ശ്രീജിത്തിന് പിന്തുണയുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്.

ഫെയ്‌സ് ബുക്കിൽ തുടങ്ങിയ ക്യാംപെയിനിന്രെ ഭാഗമായിട്ടാണ് ഇന്ന് ഒത്തുകൂടിയത്. പരസ്പരം അറിയാത്ത നിരവധിപേരാണ് നീതി തേടിയുളള ഒരു സഹോദരൻെറ അഹിംസാ പോരാട്ടത്തിന് പിന്തുണയേകാനായി എത്തിയത്. കക്ഷിരാഷ്ട്രീയത്തിന്റെയും ജാതിമത ചിന്തകളുടെയും അതിരുകളില്ലാത്തെ അവർ നീതിക്ക് വേണ്ടിയുളള പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു. സിനിമാ താരങ്ങളും മറ്റ് സാമൂഹിക പ്രവർത്തകരും ശ്രീജിത്ത് നടത്തുന്ന നീതിക്കായുളള പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാവിലെ നടൻ ടൊവിനോ തോമസും സമര സ്ഥലത്തെത്തി പിന്തുണ അറിയിച്ചിരുന്നു.

കളളക്കേസിൽ കുടുക്കി തന്രെ സഹോദരനെ പൊലീസുകാർ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം നടത്തുന്നത്. നേരത്തെ സംസ്ഥാന പൊലീസ് കംപ്ലൈന്ര് അതോറിറ്റി ശ്രീജിത്തിന്രെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും വിധിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ പോയി അനുകൂല ഉത്തരവ് നേടിയെടുക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. ഈ കേസിൽ സർക്കാർ നിലപാട് ചോദ്യം ചെയ്യപ്പെട്ടിരുന്നു.

പൊലീസ് കംപ്ലൈന്ര് അതോറിറ്റി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. സിബിഐ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും സിബിഐ ഇതുവരെ ഈ കേസ് പരിഗണിക്കാൻ തയ്യാറായില്ല. ഇതിനായി സംസ്ഥാന സർക്കാർ വീണ്ടും സിബിഐയെ സമീപിക്കുമെന്നും നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2014 മെയ് 21നായിരുന്നു ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റെ മരണം. നടന്നത് കൊലപാതകം എന്നായിരുന്നു ആരോപണം. പൊലീസ് ഉദ്യോഗസ്ഥന്രെ ശത്രുതയാണ് കൊലപാതകത്തിന് പിന്നിലെന്നും ആരോപണം ഉയർന്നു. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലൈന്‍റ് അതോറിറ്റി കണ്ടെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.

sreejith, secretariat
ശ്രീജിത്തിന് പിന്തുണയുമായി സാമൂഹിക പ്രവർത്തകയും നടിയുമായ പാർവതി  കഴിഞ്ഞ വർഷം മാർച്ച് എട്ടിന് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയപ്പോൾ (ഫയൽ ചിത്രം)

2014 മെയ് 19 -നാണു ഏതോ പെറ്റി കേസുണ്ടെന്ന് പറഞ്ഞു നെയ്യാറ്റിൻകര കുളത്തൂർ സ്വദേശിയായ ശ്രീജീവിനെ പാറശാല പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പിറ്റേ ദിവസമാണ് ശ്രീജീവ് ആശുപത്രിയിൽ മരണമടയുന്നത്. ലോക്കപ്പിൽ വച്ച് ശ്രീജീവ് വിഷം കഴിച്ചു എന്നാണ് പൊലീസ് ഭാഷ്യം. അയൽവാസിയായ ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ശ്രീജീവിനെ പെൺകുട്ടിയുടെ ബന്ധുവായ പൊലീസുകാരന്റെ സഹായത്തോടെ അപായപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഈ ആരോപണം ഉന്നയിച്ച് സഹോദരനായ ശ്രീജിത്ത് സംസ്‌ഥാന പൊലീസ് കംപ്ലൈയ്ന്റ് അതോറിറ്റിക്ക് പരാതി നൽകി. ശ്രീജീവ് പൊലീസ് കസ്റ്റഡിയിൽ വച്ച് വിഷം കഴിച്ചതായുള്ള പൊലീസിന്റെ വാദം പൊള്ളയാണെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ശ്രീജീവിനെ പൊലീസ് മർദിച്ചു അവശനാക്കി വിഷം കഴിപ്പിച്ചതാണെന്നും സംസ്‌ഥാന പൊലീസ് കംപ്ലൈയ്ന്റ് അതോറിറ്റി കണ്ടെത്തി. പാറശാല സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ഗോപകുമാറും, അഡിഷണൽ എസ്ഐ ഫിലിപ്പോസും, സിവിൽ പൊലീസ് ഓഫിസർമാരായ പ്രതാപചന്ദ്രൻ, വിജയദാസ് എന്നിവരാണ് ഇതിനു കാരണക്കാർ എന്നും പൊലീസ് കംപ്ലൈയ്ന്റ് അതോറിറ്റി കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ടു മഹസർ തയാറാക്കിയ സബ് ഇൻസ്‌പെക്ടർ ഡി.ബിജുകുമാർ വ്യാജ രേഖ ചമച്ചതായും അതോറിട്ടി കണ്ടെത്തി.

ഇതുസംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തുന്നതിന് സംസ്‌ഥാന പൊലീസ് മേധാവിക്ക് 2015 മേയ് മാസം 17 ന് നിർദേശം നൽകിയെങ്കിലും അന്വേഷണ സംഘംപോലും രൂപീകരിക്കാതെ വളരെ അലസമായ നിലപാടാണ് പൊലീസ് മേധാവിയും ആഭ്യന്തരവകുപ്പും ഈ വിഷയത്തിൽ എടുക്കുന്നത് എന്ന് ആരോപിച്ച് ശ്രീജിത്ത് സമരം നടത്തിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ ആ സമരം നിരാഹാരമാക്കി ശക്തമാക്കി ശ്രീജിത്ത്. അന്ന് നടിയും ആക്ടിവിസ്റ്റുമായ മാലാ പാർവ്വതി ഉൾപ്പെടയെുളളവർ ഇടപെട്ടതിന് തുടർന്ന് 453 ദിവസം പിന്നിട്ടപ്പോൾ കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ സർക്കാർ ചില ഉറപ്പുകൾ നൽകി. ഇതേ തുടർന്ന് 38 ദിവസമായി തുടർന്ന് വന്ന നിരാഹാര സമരം ശ്രീജിത്ത് അവസാനിപ്പിച്ചിരുന്നു.

മാർച്ച് എട്ടിന് വനിതാ ദിനത്തിലാണ് നടിയും സാമൂഹിക പ്രവർത്തകയുമായ മാലാ പാർവ്വതി ശ്രീജിത്തിനൊപ്പം എന്ന് പ്രഖ്യാപിച്ച് സെക്രട്ടേറ്റയിറ്റിന് മുന്നിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയത്. പി.സി.ജോർജ് എംഎൽഎയും സമരസ്ഥലത്തെത്തി. ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് അന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നതുവരെ, കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുന്നതുവരെ സമരം തുടരുമെന്ന് ശ്രീജിത്ത് അന്നു തന്നെ വ്യക്തമാക്കിയിരന്നു.

അമ്മയും മറ്റൊരു സഹോദരനും അടങ്ങുന്നതാണ് ശ്രീജിത്തിന്രെ കുടുംബം. പൊലീസ് അതിക്രമത്തിൽ ശ്രീജിത്തിന്രെ വിട്ടീൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ശ്രീജീവ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala hands with sreejith for getting justice