കൊണ്ടോട്ടി: സംസ്ഥാന ഹജജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ആദ്യ തീര്‍ത്ഥാടക സംഘം ജൂലൈ 7 ന് കരിപ്പൂരില്‍ നിന്ന് യാത്ര തിരിക്കും. 4 വര്‍ഷത്തിനു ശേഷമാണ് ഹജ്ജ് യാത്ര വീണ്ടും കരിപ്പൂരില്‍ നിന്ന് ആരംഭിക്കുന്നത്. ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് ഹജ്ജ് ഹൗസില്‍ ജൂലൈ 6 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് വിമാന ഷെഡ്യൂൾ സൗദി എയർലെൻസ് പുറത്തിറക്കിയിട്ടുണ്ട്. ജൂലൈ ഏഴു മുതൽ 20 വരെയുളള തിയതികളിൽ 35 സർവീസുകളാണ് സൗദി എയർലെൻസ് നടത്തുക. ഹജ്ജിനു മുമ്പ് നേരിട്ട് മദീനയിലേക്കു പുറപ്പെടുന്ന രീതി (ഫസ്റ്റ് ഫെയ്സ്) ആണ് ഇത്തവണ കേരള ത്തിലെ തീര്‍ത്ഥാടകര്‍ക്കു വേണ്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിച്ചിട്ടുള്ളത്. ജിദ്ദ വഴി മക്കയിലേക്കു പുറപ്പെട്ട് ഹജ്ജ് കര്‍മ്മങ്ങള്‍ക്കു ശേഷം മദീന സന്ദര്‍ശനം നടത്തി അവിടെ നിന്നും മടങ്ങുന്ന രീതിയായിരുന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിന് അനുവദിച്ചിരുന്നത്.
കരിപ്പൂരിൽ നിന്നു നേരിട്ട് മദീനയിലേക്ക് പറക്കുന്ന ഓരോ വിമാനത്തിലും 300 തീർഥാടകർ യാത്രയാകും. ആദ്യവിമാനം ജൂലൈ ഏഴിനു രാവിലെ 7.30നു കരിപ്പൂരിൽ നിന്നു പുറപ്പെട്ടു സൗദി സമയം 1.05ന് മദീനയിലെത്തും.
രണ്ടാമത്തെ വിമാനം 9.30നു തിരിച്ചു 3.05നു മദീനയിലെത്തും. എട്ട്, 10, 11, 12, 13, 16 തിയതികളിൽ മൂന്നു വിമാനങ്ങളും അവസാന ദിവസം 20നു നാലു വിമാനങ്ങളും പുറപ്പെടും. ഏഴ്, ഒന്‍പത്, 14, 15, 17, 19 ദിവസങ്ങളിൽ രണ്ടു വിമാനങ്ങളും 18ന് ഒരുവിമാനവുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മിക്ക വിമാനങ്ങളും രാവിലെ 7.30നും 9.30നുമാണ് പുറപ്പെടുന്നത്. എയർഇന്ത്യ നെടുന്പാശേരിയിൽ നിന്നുളള ഹജ്ജ് സർവീസുകൾ ജൂലൈ 14 മുതൽ 17 വരെ നേരത്തെ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഹജ്ജ് കഴിഞ്ഞുളള മടക്ക സർവീസുകൾ ജിദ്ദയിൽ നിന്നാണ് ക്രമീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 17നു ജിദ്ദയിൽ നിന്നു പുറപ്പെടുന്ന ആദ്യസംഘം 18നു പുലർച്ചെ 2.40നു കരിപ്പൂരിൽ മടങ്ങിയെത്തും. സെപ്തംബർ മൂന്നിനാണ് അവസാന വിമാനമെത്തുക. ഇത്തവണ കോഴിക്കോട് നിന്നും കൊച്ചിയില്‍ നിന്നും നേരിട്ട് മദീനയിലേക്കാണ് യാത്ര പുറപ്പെടുന്നത്. ജൂലൈ ആദ്യ വാരത്തില്‍ തന്നെ കൊച്ചിയില്‍ നിന്നുള്ള തീര്‍ത്ഥാടകരും യാത്ര പുറപ്പെടും.