Vande Bharat Mission: ലോകമെമ്പാടുമുള്ള പ്രവാസികളായ മലയാളികള്‍ ഇപ്പോള്‍ ചിന്തിക്കുന്നത് ഒന്ന് മാത്രം. കേരളത്തിന്റെ സുരക്ഷിത തീരം എത്രയും വേഗമണയണം. കാരണം, അവര്‍ ജോലി തേടിയും പഠിക്കാനും മറ്റും പോയ നാടുകള്‍ കോവിഡ്-19-ന്റെ കടുത്ത ഭീഷണിയിലാണ്. രോഗം വന്നാല്‍ ചികിത്സ പോലും കിട്ടുമെന്ന് ഉറപ്പില്ലാത്ത സ്ഥലങ്ങളില്‍ നിന്നും കൊറോണവൈറസിനെ നിയന്ത്രിച്ച് നിര്‍ത്തിയിരിക്കുന്ന സ്വന്തംനാട്ടിലേക്ക് വരാനുള്ള ആഗ്രഹമാണ്‌ പ്രവാസികളുടേത്.

ജോലി സ്ഥലത്തും താമസയിടങ്ങളിലും കൂടാതെ യാത്രയുടെ പകുതിക്ക് വച്ച് വിമാനത്താവളങ്ങളില്‍ കുടുങ്ങിയവരുമുണ്ട്. ഇന്ത്യ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് വിമാന സര്‍വീസുകള്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് 22 മുതല്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ അനവധി.

ഇങ്ങനെ 250-ല്‍ അധികം ഇന്ത്യാക്കാര്‍ മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. ഏതാനും ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ ദുരവസ്ഥയില്‍ കഴിയേണ്ട വന്ന മലയാളികള്‍ അടക്കമുള്ള ഇവരെ സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്ത് സുരക്ഷിത താമസ സൗകര്യങ്ങളിലേക്ക് മാറ്റിയിരുന്നു.

Read More: സര്‍ക്കാരിന്റെ സഹായം എത്തിയില്ല; മലേഷ്യയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്തു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 19 ഇന്ത്യാക്കാരാണ് കുടുങ്ങിയത്. 70 വയസ്സ് കഴിഞ്ഞ ദമ്പതികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അഞ്ച് മലയാളികളാണ് ഇക്കൂട്ടത്തിലുള്ളത്. നാല് പേര്‍ ഗുജറാത്തില്‍ നിന്നും മൂന്ന് പേര്‍ പഞ്ചാബില്‍ നിന്നും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഡല്‍ഹി, ഗോവ, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരുമാണ് ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. അവര്‍ക്ക് പ്രത്യാശയുമായി നാളെ മുതല്‍ ഇന്ത്യയിലേക്കുള്ള വിമാനങ്ങളെത്തി തുടങ്ങും.

അതില്‍ നാല് മലയാളികള്‍ നാളത്തെ ആദ്യ വിമാനം കയറും. രോഗം ഏറെ നാശം വിതച്ച യൂറോപ്പില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് മാര്‍ച്ച് 18 മുതല്‍ ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിച്ചിരുന്നു. അന്ന് മുതല്‍ ഇവര്‍ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി. വിവിധ രാജ്യങ്ങളില്‍ നിന്നും ദുബായ് വഴി ഇന്ത്യയിലേക്ക് വരുമ്പോഴാണ് ഇവരെല്ലാം വിമാനത്താവളത്തില്‍ കുടുങ്ങിയത്.

Read Also: കേരളത്തിൽ നാളെ എത്തുക രണ്ടു വിമാനങ്ങൾ; ആദ്യ വിമാനം കൊച്ചിയിൽ

ഉറങ്ങിപ്പോയത് കാരണം മാര്‍ച്ച് 22-ന് രാവിലെ നാല് മണിക്ക് അഹമ്മദാബാദിലേക്കുള്ള എമിറേറ്റ്‌സിന്റെ വിമാനത്തില്‍ കയറാന്‍ കഴിയാതെ പോയതിനെ തുടര്‍ന്നാണ് 37 വയസ്സുള്ള അരുണ്‍ സിംഗ് ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ദുബായിലെ ഹോട്ടലില്‍ സുഖകരമാണെങ്കിലും വീട്ടിലേക്ക് പോകാന്‍ വെമ്പുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. യുഎഇയിലെ ബാങ്കിലെ ജീവനക്കാരാണ് അദ്ദേഹം. യുഎഇ റസിഡന്‍സി വിസ റദ്ദായത് കാരണം വിമാനത്താവളം വിട്ട് പുറത്ത് പോകാനും അദ്ദേഹത്തിനായില്ല.

നാല് പേരില്‍ രണ്ടുപേര്‍ ഇരട്ട സഹോദരങ്ങളാണ്, തിരുവനന്തപുരം സ്വദേശികളായ ജാക്‌സണ്‍ ആന്‍ഡ്രൂസും ബെന്‍സണ്‍ ആന്‍ഡ്രൂസും. ഇവര്‍ ലിസ്ബണില്‍ നിന്നും കേരളത്തിലേക്ക് വരുമ്പോഴാണ് ഇന്ത്യ യൂറോപ്പില്‍ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം വിലക്കിയത്. അമ്പത് ദിവസത്തോളമായി ഇവര്‍ മറ്റുള്ളവര്‍ക്കൊപ്പം ആദ്യം വിമാനത്താവളത്തിലെ ടി3 ടെര്‍മിനലിലും പിന്നീട് വിമാനക്കമ്പനി ഒരുക്കി നല്‍കിയ ഹോട്ടലിലുമാണ് താമസിച്ചത്. ടെര്‍മിനലില്‍ അവര്‍ കസേരയിലും തറയിലുമെല്ലാം കിടന്നാണ് ഉറങ്ങിയിരുന്നത്.

Read More: 19 Indians stuck in Dubai airport for 3 weeks desperate to return home

വീട്ടിലേക്ക് വരാന്‍ സാധിക്കുന്നതില്‍ ഇപ്പോള്‍ ആശ്വാസമുണ്ടെന്ന് ജാക്‌സണ്‍ പറഞ്ഞതായി ദി വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ 19 പേരേയും ആദ്യ വിമാനങ്ങളില്‍ തന്നെ മുന്‍ഗണന നല്‍കി യാത്രയാക്കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ പറഞ്ഞുവെന്നും ദി വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവര്‍ക്ക് എംബസി രണ്ട് തവണയായി 400 ദിര്‍ഹം വീതം ചെലവിന് നല്‍കിയിരുന്നു. എന്നാല്‍ വിമാനത്താവളത്തിലെ ഭക്ഷണശാലകള്‍ അടച്ചത് തിരിച്ചടിയായി. പിന്നീട് മാര്‍ച്ച് 25-ന് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാ രാജ്യക്കാര്‍ക്കൊപ്പം ഇവരേയും ദുബായ് അന്താരാഷ്ട്ര വിമാനത്താവള ഹോട്ടലിലേക്ക് മാറ്റി. കോവിഡ് പരിശോധനയും നടത്തി. പ്രത്യേകം മുറികളും ഭക്ഷണവും ഇന്റര്‍നെറ്റും ലഭിച്ചു. പക്ഷേ, അവരുടെയെല്ലാം മനസ്സ് വീടുകളിലേക്ക് തിരിച്ചുവരാന്‍ വെമ്പുകയായിരുന്നു.

പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയവരെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയച്ച് ഒഴിപ്പിച്ചിരുന്നു. പക്ഷേ, ഇന്ത്യ ശക്തമായ ആവശ്യം ഉയര്‍ന്നിട്ടും വിമാനം അയക്കാത്തത് പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.