കൊച്ചി: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ചൂഷണത്തിൽ നിന്ന് കേരളത്തിലെ സാധാരണക്കാരായ വീട്ടമ്മമാരെ രക്ഷിക്കാൻ സംസ്ഥാന സർക്കാരിന്റെ നീക്കം. മുറ്റത്തെ മുല്ല എന്ന പേരിൽ സഹകരണ സ്ഥാപനങ്ങൾ വഴി കുറഞ്ഞ നിരക്കിൽ വായ്‌പ നൽകാനാണ് തീരുമാനം. 7 ശതമാനം പലിശ നിരക്കിലാണ് കുടുംബശ്രീകൾക്ക് വായ്‌പ നൽകുക.
ഇത്തരത്തിൽ കുടുംബശ്രീകൾക്ക് നൽകുന്ന വായ്‌പ സാധാരണക്കാരായ വീട്ടമ്മമാർക്ക് ലഭിക്കും. മൈക്രോ ഫിനാൻസ് പദ്ധതികളിലെ ചതിക്കുഴികളിൽ നിന്ന് വീട്ടമ്മമാരെ രക്ഷിക്കാൻ ലക്ഷ്യമിട്ടുളളതാണ് പദ്ധതി. ഇന്ന് നിയമസഭയിൽ മന്ത്രി കടകംപളളി സുരേന്ദ്രനാണ് ഈ പദ്ധതിയെ കുറിച്ച് വിശദീകരിച്ചത്.
കുടുംബശ്രീക്ക് ഏഴ് ശതമാനം നിരക്കിൽ നൽകുന്ന വായ്‌പ 12 ശതമാനത്തിനാണ് അംഗങ്ങൾക്ക് നൽകുകയെന്ന് കടകംപളളി വിശദീകരിച്ചു. ഇപ്പോൾ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ 37 ശതമാനം മുതൽ 72 ശതമാനം വരെ പലിശ നിരക്കിലാണ് മൈക്രോ ഫിനാൻസ് നൽകി വരുന്നത്.
കടക്കെണിയിൽ പെട്ട് സമീപകാലത്ത് കേരളത്തിലുണ്ടായ ആത്മഹത്യകളെ തുടർന്നാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയുടെ വടക്കൻ മേഖലയിൽ ഈ മാസം 29 ന് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കും.