/indian-express-malayalam/media/media_files/uploads/2018/08/Kochi-Union-Home-Minister-Rajnath-Singh-conducted-an-aerial-survey-of-flood-affected-areas-of-Kerala-on-August-12-HMO-Twitter-Photo-via-PTI.jpg)
തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ സഹായം അഭ്യർത്ഥിച്ച് കേരളം കേന്ദ്ര സർക്കാരിനെ സമീപിച്ചു. 4796.35 കോടി രൂപയുടെ സഹായമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച കത്തില്‍ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. യഥാര്‍ത്ഥ നഷ്ടം ഇതിനേക്കാളും കൂടുതലാണെങ്കിലും കേന്ദ്ര മാനദണ്ഡപ്രകാരം ഉൾക്കൊള്ളിക്കാവുന്ന തുകയാണ് കണക്കിൽപ്പെടുത്തിയത്. നിവേദനത്തിൽ തുടർനടപടി തീരുമാനിക്കാനുള്ള കേന്ദ്ര യോഗം തിങ്കളാഴ്ച നടന്നേക്കും.
പ്രളയദുരന്തത്തിൽ മരണമടഞ്ഞവർ, തകർന്ന വീടുകൾ, കൃഷി നാശം, ആടുമാടുകളുടെയും പക്ഷി-മൃഗാദികളുടെയും നാശനഷ്ടം എന്നിവയുടെ അടിസ്ഥാനത്തിലാണ് 4796 കോടിയുടെ സഹായം അഭ്യർഥിച്ചത്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പതിമൂന്നര കോടി രൂപയാണ് ആവശ്യപ്പെടുന്നത്. പൂർണ്ണമായി തകർന്ന വീടുകൾക്ക് 103 കോടി രൂപ നിർദേശിക്കുന്നു. ഭാഗികമായി തകർന്ന വീടുകൾക്ക് 853 കോടിയും ചെറിയ കേടുപാടുള്ളവയ്ക്ക് 1753 കോടിയും അഭ്യർത്ഥിച്ചു.
അതേസമയം, പ്രളയ ദുരന്തത്തിൽ സംസ്ഥാനത്ത് 40,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രിസഭാ ഉപസമിതി തീരുമാനങ്ങൾ വിശദീകരിച്ച സമിതി അധ്യക്ഷൻ കൂടിയായ മന്ത്രി ഇ.പി.ജയരാജൻ അറിയിച്ചു. ചെറുകിട കച്ചവടക്കാർക്കും വ്യാപാരികൾക്കുമുണ്ടായ നഷ്ടം ഇനിയും കണക്കാക്കേണ്ടതുണ്ട്. പൊതുമരാമത്ത്, വിദ്യാഭ്യാസം, കൃഷി, വീടുകൾ എന്നീ മേഖലകളിലാണ് ഇത്രയും നഷ്ടം പ്രാഥമികമായി കണക്കാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.