തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുമ്പോൾ ആദ്യ ഘട്ടത്തിൽ യൂണിഫോമും ഹാജറും നിർബന്ധമാക്കില്ല. ആദ്യ ഘട്ടത്തിൽ നേരിട്ട് പഠനത്തിലേക്കു കടക്കില്ല. സ്കൂൾ തുറക്കുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾക്ക് അന്തിമ രൂപം നൽകുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി അധ്യാപക സംഘടന പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ഒരു ക്ലാസില്‍ പരമാവധി 30 കുട്ടികളെ മാത്രം പ്രവേശിപ്പിച്ചുകൊണ്ട് ക്ലാസ് നടത്തണമെന്നാണ് അധ്യാപക സംഘടനകളുടെ നിര്‍ദേശം. ഇത് അംഗീകരിക്കപ്പെട്ടാൽ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകൾ. ഇങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസംയിരിക്കും ക്ലാസ് ഉണ്ടാകുക. അതേസമയം, ഹയർ സെക്കൻഡറി ക്ലാസുകൾ ബാച്ചുകളായി ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും നടക്കുക.
കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സ്കൂളുകളുടെ പ്രവർത്തനം. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികള്‍ സ്കൂളിൽ വരേണ്ടതില്ല. ആദ്യ ഘട്ടത്തിൽ നേരിട്ട് പഠനത്തിലേക്കു കടക്കാതെ ഹാപ്പിനസ് കരിക്കുലം വേണമെന്ന നിർദേശമാണ് അധ്യാപക സംഘടനകൾ യോഗത്തിൽ മുന്നോട്ടുവച്ചത്.
സ്കൂള്‍ തുറക്കുന്നതു സംബന്ധിച്ച കാര്യങ്ങളുടെ ജില്ലാതല ഏകോപനം കലക്ടര്‍മാര്‍ക്കായിരിക്കും. പ്രധാനാധ്യാപകര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവരുടെ യോഗം കലക്ടർ വിളിച്ചുചേര്‍ക്കും. സ്കൂള്‍ തലത്തില്‍ ജാഗ്രതാ സമിതികള്‍ക്കു രൂപം നല്‍കും. എല്ലാ അധ്യാപകരും ജീവനക്കാരും വാക്സിന് സ്വീകരിക്കണം.
വിദ്യാർത്ഥി, യുവജന, തൊഴിലാളി സംഘടനകളുടെ യോഗവും സർക്കാർ വിളിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് യുവജന സംഘടനകളുടെ യോഗം. ശനിയാഴ്ച രാവിലെ വിദ്യാഭ്യാസ സംഘടനകളുടെയും ഉച്ചയ്ക്ക് സ്കൂൾ തൊഴിലാളി സംഘടനകളുടെയും യോഗവും നടക്കും. ശനിയാഴ്ച വൈകുന്നേരം മേയർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ യോഗവും ഞായറാഴ്ച എഇഒ, ഡിഇഒമാരുടെ യോഗവും സർക്കാർ വിളിച്ചിട്ടുണ്ട്.
Also Read: ഇന്ധനവില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു
യോഗങ്ങളിൽ ഉയരുന്ന നിർദേശങ്ങൾ കണക്കിലെടുത്ത് വിദ്യാഭ്യാസ, ആരോഗ്യ സെക്രട്ടറിമാർ ഞായറാഴ്ചയോടെ സർക്കാരിന് മാർഗനിർദേശങ്ങൾ നൽകും. ഒക്ടോബർ അഞ്ചിനായിരിക്കും വിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പുറത്തിറക്കുക.