scorecardresearch

സംസ്ഥാനത്തെ കോവിഡ് പ്രതിരോധം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിദഗ്ധരുമായി ചർച്ച ഇന്ന്

സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാൻ വരുംദിവസങ്ങളിൽ എന്തെല്ലാം നടപടികൾ സ്വീകരിക്കാം എന്നതായിരിക്കും പ്രധാന ചർച്ച

pinarayi vijayan, cpm, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികൾ ആലോചിക്കാൻ മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന് നടക്കും. സംസ്ഥാന മെഡിക്കൽ ബോർഡ് അംഗങ്ങൾ, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകൾ, ഡോക്ടർമാർ, പൊതുജനാരോഗ്യ രംഗത്തുള്ളവർ, ദുരന്ത നിവാരണ വിദഗ്ദർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

യോഗത്തിൽ ഉയരുന്ന അഭിപ്രായങ്ങൾ അവലോകന യോഗത്തിൽ ചർച്ച ചെയ്ത ശേഷമാകും സർക്കാർ തുടർ നടപടികൾ സ്വീകരിക്കുക. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണ വിധേയമായിട്ടും സംസ്ഥാനത്ത് കുറവുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ വിദഗ്ധരുമായി ചർച്ച നടത്താൻ തീരുമാനിച്ചത്.

ഇന്ന് വൈകുന്നേരം ഓൺലൈനായാണ് യോഗം നടക്കുക. സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാൻ വരുംദിവസങ്ങളിൽ എന്തെല്ലാം നടപടികൾ സ്വീകരിക്കാം എന്നതായിരിക്കും പ്രധാന ചർച്ച. വാരാന്ത്യ ലോക്ക്ഡൗൺ പോലുള്ളവയിൽ മാറ്റം വേണമെന്ന അഭിപ്രായവും ശക്തമാണ്. അത്തരം കാര്യങ്ങളും ചർച്ചക്ക് വന്നേക്കും.

Also read: ഓഗസ്റ്റിൽ നൽകിയത് 88 ലക്ഷം ഡോസ്; സെപ്റ്റംബറിൽ ആദ്യ ഡോസ് 100 ശതമാനമെത്തിക്കും: മന്ത്രി

നിലവിലെ നിയന്ത്രണ രീതികൾ അപര്യാപ്തമാണെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നാൽ സർക്കാർ പുതിയ മാറ്റങ്ങളിലേക്ക് കടന്നേക്കും. നിലവിൽ വാക്സിനേഷൻ 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എൺപത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആർടിപിസിആർ പരിശോധന മാത്രം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala govt meeting with experts on covid 19