കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളളയ്ക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് സർക്കാർ. ഹൈക്കോടതിയെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ശ്രീധരൻ പിളള നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലാണ് സർക്കാർ കേസെടുത്തത്.

ശ്രീധരൻ പിളളയുടെ പ്രസംഗത്തിനു പിറ്റേ ദിവസം സന്നിധാനത്ത് സംഘർഷങ്ങൾ ഉണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ തന്റെ പ്രസംഗം കേൾക്കാതെയാണ് കേസെടുത്തതെന്ന് ശ്രീധരൻ പിളളയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തുടർന്ന് വിവാദ പ്രസംഗത്തിൽ എഫ്ഐആര്‍ റദ്ദാക്കണമെന്ന ശ്രീധരന്‍ പിളളയുടെ ഹര്‍ജി പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി.

കോഴിക്കോട് യുവമോർച്ചയുടെ പുതിയ സംസ്ഥാന നേതൃത്വത്തിന്റെ പ്രഥമ യോഗത്തിലെ ശ്രീധരൻ പിളളയുടെ പ്രസംഗമാണ് വിവാദമായത്. ശബരിമല പ്രശ്നം നമുക്കൊരു സുവർണ്ണാവസരമാണെന്നും, നമ്മൾ മുന്നോട്ടു വച്ച അജണ്ടയിൽ ഓരോരുത്തരായി വീണുവെന്നും പി.എസ്.ശ്രീധരൻ പിളള പ്രസംഗത്തിൽ പറഞ്ഞിരുന്നു. ശബരിമല തന്ത്രിയോട് സുപ്രീംകോടതി വിധി ലംഘിക്കാന്‍ ആവശ്യപ്പെട്ടെന്നും ശ്രീധരൻ പിളള പ്രസംഗത്തിൽ വെളിപ്പെടുത്തിയിരുന്നു.

Read: “നട അടയ്ക്കാൻ തന്ത്രിക്ക് ധൈര്യം നൽകിയത് ഞാൻ” പിഎസ് ശ്രീധരൻ പിളളയുടെ പ്രസംഗം ഇങ്ങിനെ

പ്രസംഗത്തിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കോഴിക്കോട് കസബ പൊലീസ് ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുത്തത്. കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ