ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ ഓഫ്‌ലൈനായി നടത്താൻ അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. പരീക്ഷ ഓൺലൈനായി നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.
കമ്പ്യൂട്ടറും ഇന്റർനെറ്റ് സംവിധാനങ്ങളും ഇല്ലാത്ത കുട്ടികളുണ്ടെന്നും ഓൺലൈനായി പരീക്ഷ നടത്തിയാൽ അവർക്ക് അവസരം നഷ്ടമാകുമെന്നും സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചു. കുട്ടികൾ വീടുകളിൽ ഇരുന്ന് എഴുതിയ മോഡൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്ലസ് വൺ മൂല്യനിർണയം നടത്താൻ കഴിയില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
പ്ലസ് ടു യോഗ്യത നേടാൻ കഴിയാതിരുന്ന നിരവധി കുട്ടികളുണ്ട്, അവരുടെ അവസാന സാധ്യതയാണ് പ്ലസ് വൺ പരീക്ഷ. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഒക്ടോബറിൽ മൂന്നാം തരംഗം ഉണ്ടാകുന്നതിനു മുൻപ് പരീക്ഷ പൂർത്തിയാക്കുമെന്നാണ് സർക്കാരിന്റെ ഉറപ്പ്.
ജൂലൈയിൽ സാങ്കേതിക സർവകലാശാല പരീക്ഷകൾ ഓഫ്‌ലൈനായി നടത്തിയിരുന്നു. ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. ഓഗസ്റ്റ് അവസാനവും സെപ്റ്റംബർ ആദ്യവുമായി ജെഇഇ മെയിൻ പരീക്ഷയും നടത്തിയിരുന്നു ഏഴ് ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതിയത്. അതുപോലെ പ്ലസ് വൺ പരീക്ഷയും ഓഫ്‌ലൈനായി കോവിഡ് മാനദണ്ഡങ്ങൾ സാധിക്കുമെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് കോടതി കേസ് പരിഗണിക്കുക.
Also read: പൊലീസ് മാന്യമായി പെരുമാറണം; സർക്കുലർ പുറപ്പെടുവിച്ച് ഡിജിപി
നേരത്തെ സെപ്റ്റംബർ 13 വരെ സുപ്രീം കോടതി പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്തിരുന്നു. കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലായിരുന്നു കോടതി നടപടി. കോവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താൻ തീരുമാനിച്ചതെന്ന് കോടതി വ്യക്തമാക്കി. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് പറഞ്ഞാണ് കോടതി 13 വരെ പ്ലസ് വൺ പരീക്ഷ നടത്തരുതെന്ന് നിർദേശിച്ചത്.
പ്ലസ് വൺ പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നതിനെതിരെ അഭിഭാഷകനും കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റുമായ റസൂൽ ഷാനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.