scorecardresearch

സത്നാം സിങ്ങിന്‍റെ കുടുംബത്തിന് പത്തു ലക്ഷം ധനസഹായം

വളളിക്കാവ് അമൃതാനന്ദമയി മഠത്തിൽവച്ച് പരിഭ്രാന്തി പരത്തിയെന്നും അറബി വാക്യങ്ങൾ പറഞ്ഞ് ബഹളം ഉണ്ടാക്കിയെന്നും ആരോപിച്ചാണ് മഠത്തിലെ സുരക്ഷാ ജീവനക്കാർ സത്നാം സിങ്ങിനെ മർദ്ദിച്ചത്

സത്നാം സിങ്ങിന്‍റെ കുടുംബത്തിന് പത്തു ലക്ഷം ധനസഹായം

തിരുവനന്തപുരം: മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ മരിച്ച ബിഹാര്‍ സ്വദേശി സത്നാം സിങ്ങിന്‍റെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. വിചാരണക്കോടതിയുടെ വിധിക്കു വിധേയമായിട്ടാണ് ധനസഹായം നൽകാൻ തീരുമാനമായത്.

വളളിക്കാവ് അമൃതാനന്ദമയി മഠത്തിൽവച്ച് പരിഭ്രാന്തി പരത്തിയെന്നും അറബി വാക്യങ്ങൾ പറഞ്ഞ് ബഹളം ഉണ്ടാക്കിയെന്നും ആരോപിച്ചാണ് മഠത്തിലെ സുരക്ഷാ ജീവനക്കാർ സത്നാം സിങ്ങിനെ മർദ്ദിച്ചത്. അതിനുശേഷം സത്നാം സിങ്ങിനെ പൊലീസിനു കൈമാറി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചെന്ന കാണിച്ച് പൊലീസ് സത്നാം സിങ്ങിനെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവിടെവച്ച് 2012 ഓഗസ്റ്റ് 4-നാണ് സത്നാം സിങ്ങ് മരണപ്പെട്ടത്. ആശുപത്രിയിലെ സഹഅന്തേവാസികളുടെയും ജീവനക്കാരുടെയും മര്‍ദനമേറ്റാണ് സത്നാം സിങ്ങ് മരിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ജീവനക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. 

മറ്റുമന്ത്രിസഭായോഗ തീരുമാനങ്ങള്‍

റേഷന്‍ ചില്ലറ വ്യാപാരികള്‍ക്ക് കമ്മീഷന്‍ പാക്കേജ്
സംസ്ഥാനത്തെ റേഷന്‍ ചില്ലറവ്യാപാരികള്‍ക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 16,000/- രൂപ കമ്മീഷന്‍ ലഭിക്കുന്നതിന് പാക്കേജ് നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദേശീയ ഭക്ഷ്യഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പാക്കേജ് അംഗീകരിച്ചത്. 207 കോടി രൂപയാണ് ഇതിന് അധിക ചെലവ് വരുന്നത്. ഇതില്‍ 44.59 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും. അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുളളവരില്‍ നിന്നും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ കൈകാര്യ ചെലവ് ഈടാക്കിക്കൊണ്ടാണ് പാക്കേജ് നടപ്പാക്കുക. അതുവഴി 117.4 കോടി രൂപ സര്‍ക്കാരിന് കണ്ടെത്താനാകും. ബാക്കിവരുന്ന 45 കോടി രൂപയുടെ ബാധ്യത സര്‍ക്കാര്‍ വഹിക്കും. പാക്കേജ് നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന മൊത്തം ചെലവ് 345.5 കോടി രൂപയാണ്. നിലവില്‍ കമ്മീഷന്‍ ഇനത്തില്‍ ചെലവഴിക്കുന്നത് 142.5 കോടി രൂപയാണ്. ശേഷിക്കുന്ന ബാധ്യതയാണ് 207 കോടി രൂപ.

റേഷന്‍ വ്യാപാരിക്ക് കമ്മീഷന്‍ നല്‍കുന്നത് വിറ്റഴിക്കുന്ന ഭക്ഷ്യധാന്യത്തിന്‍റെ അളവ് അടിസ്ഥാനമാക്കിയായിരിക്കും. വില്‍പനയിലെ കുറവിന് ആനുപാതികമായി വില്‍പ്പനക്കാരുടെ ലാഭവിഹിതം കുറയുന്നത് പരിഹരിക്കാന്‍ കാര്‍ഡുകളുടെ എണ്ണവും ഭക്ഷ്യധാന്യത്തിന്‍റെ അളവും 2018 മാര്‍ച്ച് 31-നു മുമ്പ് ഏകീകരിക്കും. മിനിമം കമ്മീഷന്‍ ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കും ഏകീകരണം. 45 ക്വിന്‍റലോ അതില്‍ കുറവോ ഭക്ഷ്യധാന്യം എടുക്കുന്ന വ്യാപാരിക്ക് ക്വിന്‍റലിന് 220 രൂപ നിരക്കില്‍ കമ്മീഷനും സഹായധനമായി പരമാവധി 6100 രൂപയും കാര്‍ഡുകളുടെ എണ്ണവും ധാന്യത്തിന്‍റെ അളവും ഏകീകരിക്കുന്നതുവരെ ലഭ്യമാവും.  ഇ-പോസ് മെഷീന്‍ സ്ഥാപിക്കുന്നതു വരെ ക്വിന്‍റലിനു 100 രൂപ എന്ന കമ്മീഷന്‍ നിരക്ക് തുടരും. 

വിഴിഞ്ഞം: മത്സ്യതൊഴിലാളികള്‍ക്ക് 27 കോടി രൂപയുടെ മണ്ണെണ്ണ പാക്കേജ്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണ കാലയളവായ രണ്ടുവര്‍ഷത്തേക്ക് മത്സ്യബന്ധന ബോട്ടുകള്‍ക്ക് മത്സ്യഫെഡ് മുഖേന മണ്ണെണ്ണ വിതരണം ചെയ്യുന്നതിനുളള  പാക്കേജ് മന്ത്രിസഭ അംഗീകരിച്ചു. 27.18 കോടി രൂപയാണ് ഇതിനുളള ചെലവ്. തുറമുഖ നിര്‍മ്മാണം നടക്കുന്നതിനാല്‍ വിഴിഞ്ഞം സൗത്ത്, നോര്‍ത്ത്, അടിമലത്തുറ എന്നീ മത്സ്യഗ്രാമങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത 2353 ബോട്ടുകള്‍ക്ക് ചുറ്റിവളഞ്ഞ് പോകേണ്ടതിനാല്‍ കൂടുതല്‍ മണ്ണെണ്ണ ഉപയോഗിക്കേണ്ടിവരും. അത് കണക്കിലെടുത്താണ് പാക്കേജ് നടപ്പിലാക്കുന്നത്. തുറമുഖനിര്‍മ്മാണം നടക്കുന്നതിനാല്‍ മത്സ്യതൊഴിലാളികളുടെ തൊഴിലിനും വരുമാനത്തിനും ഉണ്ടാകുന്ന ആഘാതം വിലയിരുത്താന്‍ ആര്‍ഡിഒയുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് മണ്ണെണ്ണ പാക്കേജ് നടപ്പാക്കുന്നത്

കെ.കെ.ദിനേശന്‍ ഓംബുഡ്സ്മാന്‍
റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി കെ.കെ.ദിനേശനെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറായി ലഫ്റ്റനന്‍റ് കേണല്‍ (റിട്ട) പി.കെ.സതീഷ്കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു. 

പുതിയ തസ്തികകള്‍
സാംസ്കാരിക ഡയറക്ടേറ്റ് വിപുലീകരിക്കുന്നതിന് 10 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കണ്ണൂര്‍ ചെറുപ്പുഴ സബ്ട്രഷറിയില്‍ സീനിയര്‍ അക്കൗണ്ടന്‍റ്, ജൂനിയര്‍ അക്കൗണ്ടന്‍റ്, ട്രഷറര്‍ എന്നീ 3 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ഐടിഐകളില്‍ പുതിയ യൂണിറ്റ്
പാലക്കാട് പെരുമാട്ടിയിലും തിരുവനന്തപുരം വാമനപുരത്തും ആരംഭിച്ച ഐടിഐകളില്‍ അനുവദിച്ച 2 ട്രേഡുകളില്‍ ഓരോ യൂണിറ്റ് കൂടി അനുവദിക്കാന്‍ തീരുമാനിച്ചു. 

രാജപാത നിവാസികള്‍ക്ക് 3 സെന്‍റ് വീതം 
കരമന-കളിയിക്കാവിള റോഡുവികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന 22 രാജപാത നിവാസികള്‍ക്ക് പളളിച്ചല്‍ വില്ലേജില്‍ 3 സെന്‍റ് വീതം ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചു. മൂക്കുന്നിമല സര്‍ക്കാര്‍ എയ്ഡഡ് റബര്‍ പ്ലാന്‍റേഷന്‍ സൊസൈറ്റി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയുടെ തീര്‍പ്പിനു വിധേയമായാണ് ഭൂമി നല്‍കുക. കുടുംബങ്ങള്‍ക്ക് ലൈഫ് മിഷനില്‍ വീട് നിര്‍മ്മിച്ചു നല്‍കാനും തീരുമാനിച്ചു. 

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala govt give financial help to satnam singh family