തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടും. വിദേശ മദ്യത്തിന് 10 മുതൽ 35 ശതമാനം വരെ സെസ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. ബിയറിനും വൈനിനും 10 ശതമാനം വീതവും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് പരമാവധി 35 ശതമാനം വരെയുമായിരിക്കും സെസ് എന്നാണ് സൂചന. ഇതു സംബന്ധിച്ച ഓർഡിനൻസ് ഉടൻ പുറത്തിറക്കും.

മേയ് 17 ന് ലോക്ക്ഡൗൺ മൂന്നാംഘട്ടം കഴിയുമ്പോൾ സംസ്ഥാനത്ത് മദ്യ വിൽപന പുനരാരംഭിക്കാനാണ് സർക്കാർ ആലോചന. ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ ഉണ്ടാകാനിടയുളള തിരക്ക് കണക്കിലെടുത്ത് ഓൺലൈനിൽ മദ്യ വിൽപനയ്ക്കുളള സാധ്യത സർക്കാർ പരിശോധിക്കുന്നുണ്ട്. ഇതിനായി ബെവ്‌കോ എംഡി ജി.സ്പര്‍ജന്‍ കുമാറിന്റെ നിര്‍ദേശപ്രകാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിവിധ കമ്പനികളുടെ പരിശോധന തുടങ്ങിയിട്ടുണ്ട്.

നേരത്തെ, ഗ്രീൻ സോണുകളിൽ മദ്യശാലകൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും സംസ്ഥാന സർക്കാർ തൽക്കാലം വേണ്ടെന്നുവയ്ക്കുകയായിരുന്നു. മേയ് 17 നുശേഷം ഇക്കാര്യത്തിൽ തീരുമാനം മതിയെന്ന നിലപാടിലായിരുന്നു സർക്കാർ. അതേസമയം, ബാറുകൾ വഴി മദ്യം പാഴ്സലായി നൽകാനുളള അനുമതി കൊടുക്കാൻ സർക്കാരിൽ ധാരണയായെന്നാണ് സൂചന. ഇതിനായി അബ്കാരി ചട്ടഭേദ​ഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്.

Read Also: മദ്യം സംസ്ഥാനങ്ങളുടെ ചാകരയാകുന്നത് എങ്ങനെ?

അതിനിടെ, സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ ഇന്നു തുറന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് ഷാപ്പുകൾ പ്രവർത്തിക്കുക. എന്നാൽ ഇരുന്ന് കുടിക്കാൻ സാധിക്കില്ല. കള്ള് വാങ്ങാൻ എത്തുന്നവർ കൈയ്യിൽ കുപ്പി കരുതണം. ഒരാൾക്ക് പരമാവധി 1.5 ലിറ്റർ കള്ളാണ് അനുവദിക്കുക. ഒരു ലിറ്ററിന് 120 രൂപയാണ് വില. അതേസമയം ഷാപ്പിൽ ഭക്ഷണം പാകം ചെയ്യാനോ വിൽക്കാനോ അനുവാദമില്ല.

ഷാപ്പിനുള്ളില്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കരുത്. പുറത്ത് കൗണ്ടറുകള്‍ സജ്ജീകരിക്കണം. വില്‍പ്പനയ്ക്ക് മുന്‍പും ശേഷവും ഷാപ്പും പരിസരവും അണുവിമുക്തമാക്കുകയും ജോലിക്കാരുടെ എണ്ണം ക്രമീകരിക്കുകയും ചെയ്യണം. ജോലിക്കാര്‍ നിര്‍ബന്ധമായും കൈയ്യുറയും മാസ്‌കും ധരിക്കണം. വാങ്ങാനെത്തുന്നവരും മാസ്‌ക് ധരിക്കണം. ക്യൂവില്‍ ഒരു സമയം 5 പേരില്‍ കൂടുതല്‍ ഉണ്ടാകരുത്. പരിസരത്ത് കൂട്ടംകൂടാനോ അവിടെ നിന്ന് കുടിക്കാനോ അനുവാദമില്ല. കള്ളുകൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കോവിഡ് പ്രതിരോധ സുരക്ഷ ഉറപ്പാക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.