ന്യൂഡൽഹി: കേരളത്തിലെ പിണറായി സർക്കാരിനെ പിരിച്ചുവിടണമെന്ന് ലോക്സഭയിൽ ബിജെപി ആവശ്യം. ബിജെപി എംപി നിഷികാന്ത് ദുബൈ ആണ് ലോക്സഭയിൽ ആവശ്യമുന്നയിച്ചത്. കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും. സംസ്ഥാനത്തെ സിപിഎം അക്രമങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നി‍യോഗിക്കണമെന്നും നിഷികാന്ത് ദുബൈ ആവശ്യപ്പെട്ടു.

ബിജെപിയുടെ കേരളത്തിലെ മുതിർന്ന നേതാവും രാജ്യസഭാംഗവുമായ വി.മുരളീധരന്റെ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ ഇന്ന് രാവിലെ ലോക്‌സഭയ്‌ക്ക് പുറത്ത് ബിജെപി എംപിമാർ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനെ പിരിച്ച് വിടണമെന്ന ആവശ്യവുമായി ബിജെപി ലോക്‌സഭയിൽ രംഗത്തെത്തിയത്.

‘കേരളത്തിൽ സംഘപരിവാറിന്‍റെയും ബിജെപിയുടെയും പ്രവർത്തകർക്ക് നേരെ വ്യാപക അക്രമങ്ങൾ നടക്കുകയാണ്. വർഷങ്ങളായി നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണിത്. വീടുകൾ കയറിയും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയും അതിക്രമങ്ങൾ നടക്കുന്നുണ്ട്. രാജ്യസഭാംഗമായ വി.മുരളീധരന്റെ വീട് പോലും ആക്രമിക്കപ്പെട്ടു. സിപിഎം ആക്രമണങ്ങളിൽ നിരവധി ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും ജീവൻ നഷ്‌ടമായി. സിപിഎം കേരളത്തിൽ ഗുണ്ടായിസം കാണിക്കുകയാണ്. ഇതുവരെ ബിജെപി പ്രവർത്തകർക്കെതിരെ നടത്തിയ കൊലപാതകങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കണം. കേരളത്തിലെ സർക്കാരിനെ പിരിച്ച് വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ദുബൈ ലോക്‌സഭയിൽ ആവശ്യപ്പെട്ടു.

അതേസമയം, ബിജെപി എംപിയുടെ ആവശ്യത്തിനെതിരെ ഇടത് എംപിമാർ രംഗത്തെത്തി. സംഘപരിവാർ പ്രവർത്തകർ നടത്തിയ അക്രമങ്ങളുടെ വാർത്തകളും ചിത്രങ്ങളും വന്ന പത്രങ്ങൾ എം.ബി.രാജേഷ് അടക്കമുള്ള കേരളത്തിൽ നിന്നുള്ള ഇടത് എംപിമാർ ഉയർത്തി കാണിച്ച് ബഹളം വച്ചു. കേരളത്തെ കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തുകയാണെന്ന് എംപിമാർ ആരോപിച്ചു.

ബിജെപിയുടെ ആവശ്യത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബിജെപി ആവശ്യം മണ്ടത്തരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ‘എന്തുകൊണ്ടാണ് ശബരിമല വിഷയത്തില്‍ ബിജെപി ഓര്‍ഡിനന്‍സിന് തയ്യാറാവാത്തത്. കഴിഞ്ഞ ദിവസം ഹര്‍ത്താലില്‍ ബിജെപി എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചാണ് അക്രമം നടത്തിയത്,’ കെ.സി.വേണുഗോപാല്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.