scorecardresearch
Latest News

‘ഗവര്‍ണര്‍ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ല’; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആരിഫ് മുഹമദ് ഖാന്‍

വൈസ് ചാൻസലർമാരെ നിയമിക്കുന്നതു സംബന്ധിച്ച ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിനു മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണു സർക്കാരിനു ഗവർണറുടെ മുന്നറിയിപ്പ്

Governor Arif Mohammad Khan, Pinaryi Vijayan, Kannur University

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിവാദത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം നടക്കുകയാണ്. തനിക്കു ചാന്‍സലറുടെ അധികാരമുള്ള കാലത്തോളം അത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗുരുതര ചട്ട ലംഘനവും ക്രമക്കേടുകളും സ്വജന പക്ഷപാതവും നടന്നുവെന്നു പ്രഥമദൃഷ്ട്യാ ബോധ്യമായി. ചട്ടലംഘന പരമ്പരയാണു സര്‍വകലാശാലയില്‍ നടക്കുന്നത്. ചാന്‍സലറായ തന്നെ ഇരുട്ടില്‍ നിര്‍ത്തുകയാണ്. ചിലത് ഒളിപ്പിക്കാനുണ്ടെന്നാണ് ഇതില്‍നിന്ന് മനസിലാക്കുന്നത്.

താന്‍ ചാന്‍സലറായിരിക്കുന്നിടത്തോളം കാലം നിയമലംഘനങ്ങളും സ്വജനപക്ഷപാതവും അനുവദിക്കില്ല. സര്‍ക്കാരിന് എന്തും തീരുമാനവുമെടുക്കാം. പക്ഷേ ഗവര്‍ണര്‍ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലകളില്‍ വൈസ് ചാൻസലർമാരെ നിയമിക്കുന്നതു സംബന്ധിച്ച ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിനു മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതു പരാമര്‍ശിച്ചായിരുന്നു ഗവര്‍ണറുടെ പ്രതികരണം. സര്‍ക്കാരിനു നിരന്തരം വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണു ചാന്‍സലറെന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി മന്ത്രിസഭ രംഗത്തുവരുന്നത്.

സെര്‍ച്ച് കമ്മിറ്റിയിലെ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദേശിക്കുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണു വിസി നിയമന ഭേദഗഗതി ബില്‍ കൊണ്ടുവരുന്നത്. ഗവര്‍ണറുടെ പ്രതിനിധി, യു ജി സി പ്രതിനിധി, സര്‍വകലാശാല നോമിനി എന്നിങ്ങനെ മൂന്ന് അംഗങ്ങളാണു വൈസ് ചാന്‍സലറെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റിയിലുള്ളത്.

ഇതില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതിനൊപ്പം മറ്റു രണ്ട് അംഗങ്ങളെക്കൂടി സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെയും അധികമായി ഉള്‍പ്പെടുത്തുന്നത്. സര്‍ക്കാറിനെ താല്‍പ്പര്യമുള്ളവരെ നിയമച്ച് ഗവര്‍ണറെ മറികടക്കാനാണ് ഇത്തരമൊരു നീക്കം.

കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപികയായി പ്രിയ വര്‍ഗീസിന്റെ നിയമനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘ക്ഷമയോടെ കാത്തിരിക്കൂ,’എന്നായിരുന്നു ഗവര്‍ണറുടെ മറുപടി.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യസമേഖലയില്‍ രാഷ്ട്രീയ അതിപ്രസരം കാരണം പ്രശ്‌നങ്ങളുണ്ട്. ഇക്കാര്യത്തില്‍ വിദഗ്ധര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകുന്ന സ്ഥിതിയാണ്. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികളുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala governor stand off with pinarayi government vc appointments bill