/indian-express-malayalam/media/media_files/uploads/2017/05/gvrnr.jpg)
തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പകരത്തിന് പകരമാണെന്ന വാദവുമായി ഗവർണർ പി.സദാശിവം. കണ്ണൂർ ജില്ലയിൽ കൊല്ലപ്പെട്ടവരുടെ മുഴുവൻ പട്ടിക ശേഖരിച്ച ഗവർണർ, കൊലപാതകങ്ങളിൽ ബിജെപിക്കും സിപിഎമ്മിനും തുല്യ പങ്കാളിത്തമാണെന്നും വിലയിരുത്തി.
ഗവർണറുടെ ഈ നിലപാടാണ് സംസ്ഥാന ബിജെപി നേതൃത്വത്തിനെ ചൊടിപ്പിച്ചതെന്ന് അറിയുന്നു. വളരെ നേരത്തേ തന്നെ കണ്ണൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ മുഴുവൻ കണക്കും ഗവർണർ ശേഖരിച്ചിരുന്നു. ഇക്കാര്യം സംബന്ധിച്ച് തന്നെ സന്ദർശിച്ച ഒ.രാജഗോപാൽ എംഎൽഎ യുടെ നേതൃത്വത്തിലുള്ള സംഘത്തോട് ഗവർണർ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
നേരത്തേ കേന്ദ്രത്തിൽ നിന്നുള്ള ബിജെപി നേതാക്കളായ ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവും, മീനാക്ഷി ലേഖി എംപിയും കണ്ണൂർ സന്ദർശിച്ച ശേഷം ഗവർണറെ കണ്ടിരുന്നു. ഈ സമയത്തും കണ്ണൂരിൽ ബിജെപി പ്രവർത്തകർ കൊലപ്പെടുത്തിയ സിപിഎം പ്രവർത്തകരുടെയും സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ ബിജെപി പ്രവർത്തകരുടെയും കണക്കുകൾ ഗവർണർ ഇവർക്ക് കൈമാറിയിരുന്നു.
കണ്ണൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ ഏതെങ്കിലും ഒരു പക്ഷത്തെ മാത്രം അനുകൂലിക്കാനുള്ള ശ്രമം ഗവർണർ നടത്തുന്നില്ല. തങ്ങൾക്കനുകൂലമായി ഗവർണർ ഇടപെടാതിരിക്കുന്നതാണ് ബിജെപി യെ പ്രകോപിപ്പിക്കുന്നത്. സംഭവത്തിൽ നിന്ന് മുഖ്യമന്ത്രിയോട് ഗവർണർ റിപ്പോർട്ട് തേടുമെന്നും ഇത് കേന്ദ്രത്തിന് സമർപ്പിക്കുമെന്നും ആണ് ബിജെപി പ്രതീക്ഷിച്ചത്. എന്നാൽ ഇതുണ്ടാകാതിരുന്നതാണ് ബിജെപി സംഘം ഗവർണർക്കെതിരെ തിരിയാൻ കാരണം.
കണ്ണൂരിൽ സായുധ സേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്‌പ നിയമം നടപ്പിലാക്കണമെന്ന ബിജെപി നേതാക്കളുടെ ആവശ്യത്തോട് ഗവർണർ അനുകൂലമായല്ല പ്രതികരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.