തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ സമസ്‌തയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാർത്ഥിനിയെ വേദിയിൽ വിളിച്ച് അപമാനിക്കുകയായിരുന്നുവെന്നും ഇതിനെതിരെ നടപടിവേണമെന്നും സ്ത്രീകളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാനുള്ള മതനേതാക്കളുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും ഗവർണർ പറഞ്ഞു.
കേരളം പോലെ പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല ഈ നടപടി. വിഷയത്തിൽ കേരളത്തിലെ രാഷ്ട്രീയപാർട്ടികളും സമൂഹവും സ്വീകരിച്ച മൗനവും വിഷമിപ്പിച്ചുവെന്നും ഗവർണർ പറഞ്ഞു. ഖുർആൻ വചനങ്ങളുടേയോ ഭരണഘടനയുടേയോ പിൻബലതിലല്ല ഇതൊന്നും അവയുടെ ലംഘനമാണ് നടന്നത്.
സമസ്‌ത വേദിയിൽ വിദ്യാർത്ഥിനിയെ അപമാനിച്ചതിൽ താൻ അതീവ ദുഃഖിതനാണ്. വിദ്യാർത്ഥിനിയുടെ മനോവീര്യം തകർക്കുന്ന നടപടിയിൽ സ്വമേധയ കേസെടുക്കണം. ഇത്തരം ആളുകളാണ് സമൂഹത്തിൽ ഇസ്ലാമോഫോബിയ പരത്താൻ കാരണമാകുന്നതെന്നും ഗവർണർ പറഞ്ഞു.
അതേസമയം, സമസ്‌ത നേതാവിന്റെ നടപടി അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. നടപടി പരിഷ്കൃതസമൂഹത്തിന് യോജിച്ചതല്ല. പെണ്‍കുട്ടിക്കുള്ള അംഗീകാരം അവര്‍ തന്നെയാണ് വാങ്ങേണ്ടത്. അവരെ പ്രതിനിധീകരിച്ച് മറ്റാരും വാങ്ങേണ്ടതല്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.
അതിനിടെ, സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സമസ്‌ത സെക്രട്ടറിയോടും പെരിന്തൽമണ്ണ പൊലീസിനോടും ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും കമ്മിഷൻ റിപ്പോർട്ട് തേടി.
കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതു ചടങ്ങിന്റെ വേദിയിലേക്ക് ക്ഷണിച്ചതിനെതിരെ ക്ഷുഭിതനായി പ്രതികരിച്ച സമസ്‌ത നേതാവ് അബ്ദുല്ല മുസ്‌ലിയാരുടെ വീഡിയോ പുറത്തുവന്നത്. മദ്‌റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതിനെതിരെയാണ് അബ്ദുള്ള മുസ്‌ലിയാർ ക്ഷോഭത്തോടെ പ്രതികരിച്ചത്. ഇതിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയർന്നത്.
Also Read: “ആരാണ് പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്;” ക്ഷോഭിച്ച് സമസ്ത നേതാവ്, വിമർശനവുമായി സോഷ്യൽ മീഡിയ