തിരുവനന്തപുരം: എംജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഗവർണർ റിപ്പോർട്ട് തേടി. സർവകലാശാല വൈസ് ചാൻസിലറോടാണ് ഗവർണർ റിപ്പോർട്ട് തേടിയിരിക്കുന്നത്. അതേസമയം മാർക്ക് ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള വാക്പോര് തുടരുകയാണ്. തനിക്കെതിരെ മന്ത്രി ഉന്നയിച്ച ആരോപണങ്ങൾ തള്ളിയ പ്രതിപക്ഷ നേതാവ് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.
Also Read: ഉപതിരഞ്ഞെടുപ്പ്: വട്ടിയൂര്‍ക്കാവില്‍ സിപിഎം-ബിജെപി വോട്ടുകച്ചവടമെന്ന് മുരളീധരന്
2017ലെ യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയും റാങ്കും പരിശോധിക്കണമെന്ന് കെ.ടി.ജലീൽ ആവശ്യപ്പെട്ടിരുന്നു. രമേശ് ചെന്നിത്തലയുടെ മകനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാൽ മകനെതിരായ ആരോപണം തന്നെ അപമാനിക്കാനാണെന്നും സിവില്‍ സര്‍വീസ് പരീക്ഷാ നടപടികള്‍ ആരോടെങ്കിലും ചോദിച്ചറിയണമെന്നും ഇത്തരം ആരോപണങ്ങള്‍ കേട്ടാല്‍ പൊതുസമൂഹം ചിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Also Read: എൻഎസ്എസ് എട്ടുകാലി മമ്മൂഞ്ഞാകാന്‍ ശ്രമിക്കുന്നു: വെള്ളാപ്പള്ളി നടേശന്
എംജി സർവകലാശാല ഫെബ്രുവരിയിൽ നടത്തിയ അദാലത്തിൽ മന്ത്രി കെ.ടി.ജലീൽ ഇടപെട്ട് മാർക്കുദാനം നൽകിയെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. കോതമംഗലം കോളേജിലെ ബിടെക് വിദ്യാർഥി ആറാം സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷയിൽ ഒരു മാർക്കിനു തോറ്റിരുന്നു. നാഷണൽ സർവീസ് സ്കീം അനുസരിച്ച് മാർക്ക് കൂട്ടി നൽകണമെന്ന ആവശ്യവുമായി വിദ്യാർഥി അദാലത്തിലെത്തി. എന്നാല്‍ ഒരിക്കൽ എൻഎസ്എസിന്റെ മാർക്ക് നല്കിയതിനാല് ഇത് അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാൽ അദാലത്തില്‍ പങ്കെടുത്ത മന്ത്രി കെ.ടി.ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദേശ പ്രകാരം കുട്ടിക്ക് ഒരു മാര്‍ക്ക് കൂട്ടികൊടുക്കാന്‍ തീരുമാനിച്ചുവെന്നു ചെന്നിത്തല പറഞ്ഞിരുന്നു.
Also Read: ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നു: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുമെന്ന് കോടിയേരി
അദാലത്തില്‍ മാര്‍ക്ക് കൂട്ടി കൊടുക്കാനുള്ള അനുവാദമില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടിയപ്പോൾ വിഷയം സിൻഡിക്കേറ്റിൽ അവതരിപ്പിച്ചു. ഒരുവിഷയത്തില്‍ തോറ്റ എല്ലാവര്ക്കും മോഡറേഷന് പുറമേ അഞ്ച് മാര്‍ക്ക് കൂട്ടിനല്‍കാനായിരുന്നു സിന്‍ഡിക്കേറ്റിന്റെ തീരുമാനം. സര്‍വകലാശാല ചട്ടമനുസരിച്ച് പരീക്ഷാഫലം വന്നതിനുശേഷം മാര്‍ക്ക് കൂട്ടിനല്‍കാന്‍ നിയമമില്ലെന്നും മന്ത്രിയും ഇടതുപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങളും ചേര്‍ന്ന് തോറ്റവരെ ജയിപ്പിക്കുന്ന ജാലവിദ്യ നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.
അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി തോറ്റവരെ ജയിപ്പിക്കുന്ന മന്ത്രി കെ.ടി.ജലീലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ച് അദ്ദേഹം അന്വേഷണം നേരിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.