തിരുവനന്തപുരം: ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദി വിവാദമാക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ്. ചരിത്രകാരൻ ഇർഫാൻ ഹബീബ് പ്രസംഗം തടസപ്പെടുത്തുകയായിരുന്നെന്നും ഗവർണറുടെ ഓഫീസ് ട്വിറ്ററിൽ ആരോപിച്ചു.
പ്രസംഗത്തിനിടെ ഇര്ഫാന് ഹബീബ് പൗരത്വഭേദഗതി സംബന്ധിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങിയത്. ഈ സമയം ഇര്ഫാന് ഹബീബ് ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് അദ്ദേഹത്തെ ശാരീരികമായി തടയാന്‍ ശ്രമിച്ചു. വീഡിയോയില്‍ അക്കാര്യം വ്യക്തമാകുമെന്നും ഗവർണറുടെ ഓഫീസ് ട്വിറ്ററിൽ കുറിച്ചു.
മൗലാന അബ്ദുള്‍ കലാം ആസാദിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തെക്കുറിച്ചല്ല ഗോഡ്സയെ കുറിച്ച് പറയണണെന്ന് ഇർഫാൻ ഹബീബ് ആക്രോശിച്ചു. ഗവര്‍ണറുടെ സുരക്ഷാ ഉദ്യോസ്ഥനേയും എഡിഎസിനെയും ഇര്ഫാന് ഹിബീബ് തള്ളിമാറ്റിയെന്നും ഗവർണറുടെ ഓഫീസ് ആരോപിച്ചു.
ആദ്യം സംസാരിച്ചവർ ഉന്നയിച്ച കാര്യങ്ങളോട് ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഒരു വ്യക്തിയെന്ന നിലയിലാണ് താൻ പ്രതികരിച്ചത്. എന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത കാരണം വേദിയില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും പ്രസംഗത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ഗവർണർ ട്വിറ്റിറില്‍ കുറിച്ചു.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ചരിത്ര കോൺഗ്രസ് വേദിയിൽ വൻ പ്രതിഷേധം ഉയർന്നത് സുരക്ഷ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. സർക്കാർ സ്പോൺസേർഡ് സമരമാണ് കണ്ണൂരിൽ നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗവർണർക്ക് സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന് അറിയാമെന്നും എം.ടി.രമേശ് പറഞ്ഞു.
രാഷ്ട്രീയത്തെ മാറ്റിനിര്‍ത്തി ചരിത്രത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനാവില്ലെന്ന് ചരിത്രകാരന് പ്രൊഫ. ഇര്ഫാന് ഹബീബ് ചരിത്രകോണ്‍ഗ്രസ് വേദിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് രാഷ്ട്രീയത്തിനുള്ള വേദിയല്ലെന്ന് പറഞ്ഞ് പ്രസംഗം തുടങ്ങിയ ഗവര്‍ണര്‍ പ്രസംഗത്തിലുടനീളം സ്വന്തം രാഷ്ട്രീയം പറഞ്ഞു. ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റ്. ഇവിടെയല്ലാതെ മറ്റെവിടെയാണു പ്രതിഷേധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.