തിരുവനന്തപുരം: സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുടമകളുടെ കാര്യത്തി. ആശങ്കയുണ്ടെന്ന് കേരള ഗവർണർ ആരീഫ് ഖാൻ. വിഷയത്തിൽ ഇടപ്പെടാൻ ആലോചിക്കുന്നുണ്ടെന്നും അത് എങ്ങനെയാണെന്ന് ഇപ്പോൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്നും ഗവർണർ അറിയിച്ചു. കോൺഗ്രസ് നേതാവ് കെ.വി.തോമസാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യം വ്യക്തമാക്കിയത്.

ഫ്ലാറ്റ് ഉടമകളായ 450 പേർക്കും കുടുംബാംഗങ്ങൾക്കും സ്വാഭാവികനീതി നിഷേധിക്കപ്പെട്ട കാര്യം ഗവർണറുടെ ശ്രദ്ധയിൽപെടുത്തിയെന്നു കെ.വി.തോമസ് പറഞ്ഞു. ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി സംസാരിക്കാമെന്നു ഗവർണർ നേരത്തേ അറിയിച്ചിരുന്നു. നിയമപരിധിക്കുള്ളിൽ നിന്നുകൊണ്ട് സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് നടപടികളെടുക്കുമെന്ന് ഗവർണർ വ്യക്തമാക്കി.

സർക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിച്ചു കെട്ടിട ഉടമകൾക്കു നീതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കെ.വി.തോമസ് ആവശ്യപ്പെട്ടു. സർക്കാരിനു കീഴിലുള്ള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി ഒരുവശത്തു കെട്ടിടം പൊളിക്കാൻ നീങ്ങുമ്പോൾ മറുവശത്തു സിപിഎമ്മിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചിരിക്കുകയാണ് കെ.വി.തോമസ് ചൂണ്ടികാട്ടി.

Also Read: മരട് ഫ്ലാറ്റ്: സർക്കാർ ഇരയ്ക്കപ്പമോ വേട്ടക്കാരനൊപ്പമോ എന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

സർക്കാരിനെതിരെ നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫ്ലാറ്റ് ഉടമകൾക്ക് നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപ്പെടണമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Also Read: ഫ്ലാറ്റ് ഉടമകള്‍ക്ക് പറയാനുള്ളത് സുപ്രീം കോടതി കേള്‍ക്കണമായിരുന്നു: കോടിയേരി ബാലകൃഷ്ണന്‍

ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ അസാധരണമായ വിധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ വശങ്ങളും പരിശോധിച്ച് വേണമായിരുന്നു സുപ്രീം കോടതി വിധി പുറപ്പെടുവിക്കാനെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഫ്ലാറ്റ് ഉടമകള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമായിരുന്നു. നിയമലംഘനം നടന്ന സമയത്ത് ഇതെല്ലാം ചോദ്യം ചെയ്യേണ്ടതായിരുന്നു. ഫ്ലാറ്റ് പണിയാന്‍ അനുമതി നല്‍കിയവര്‍ക്കെതിരെ അന്നേ നടപടി സ്വീകരിക്കാമായിരുന്നു. ഇപ്പോള്‍ ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങിയ ശേഷം നടപടിയുണ്ടായത് വിചിത്രമായ കാര്യമാണെന്ന് കോടിയേരി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.