തിരുവനന്തപുരം: വിയോജിപ്പിനൊടുവിൽ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രസംഗത്തിൽ ഒപ്പുവയ്ക്കില്ലെന്നും തന്റെ ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ ഒപ്പുവയ്ക്കുകയുള്ളൂവെന്നും ഗവർണർ പറഞ്ഞിരുന്നു. ഇതിന് ശേഷം ഒരുമണിക്കൂറോളം മുഖ്യമന്ത്രി അടക്കമുള്ളവർ ഗവർണറുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഗവർണർ പ്രസംഗത്തിന് അനുമതി നൽകിയത്.
ഇതിനിടെ പൊതുഭരണ സെക്രട്ടറി ജ്യോതിലാലിനെ ചുമതലയിൽ നിന്ന് സർക്കാർ മാറ്റി. ഗവർണറുടെ അഡീഷണൽ പിഎ ആയി ഹരി എസ് കർത്തയെ നിയമിച്ചതിൽ വിയോജിപ്പ് അയച്ചുകൊണ്ടുള്ള കത്ത് ജ്യോതിലാലായിരുന്നു കൈമാറിയത്.
സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചത്. ഇത് സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്ഷന് നല്കുന്ന നടപടി റദ്ദാക്കിയാൽ മാത്രമേ പ്രസംഗം അംഗീകരിക്കൂ എന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു.ഇതിനെത്തുടർന്ന് മുഖ്യമന്ത്രി അടക്കം അനുനയ നീക്കം നടത്തി.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കേണ്ടത്. ഗവർണർ ഒപ്പുവയ്ക്കാൻ വിസമ്മതിച്ചതോടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കാര്യം അനിശ്ചിതത്വത്തിലായിരുന്നു.