തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ അന്തസ് നശിപ്പിക്കരുതെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിനു വലിയ വിദ്യാഭ്യാസ പാരമ്പര്യമുണ്ട്. അതു നശിപ്പിക്കുന്ന നടപടികള്‍ ആരില്‍നിന്നും ഉണ്ടാവരുത്. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും  അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എംജി, കേരള, സാങ്കേതിക സര്‍വകലാശാലകളിലെ മാര്‍ക്ക് ദാനം ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു ഗവര്‍ണറുടെ പ്രതികരണം. വിദ്യഭ്യാസരംഗത്ത് കേരളം നമ്പര്‍ വണ്‍ ആണ്. രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഒന്നാണ് കേരളത്തിന്റെ വിദ്യാഭ്യാസമോഡല്‍. അതിനെ ശക്തിപ്പെടുത്തേണ്ടതും സംരക്ഷിക്കേണ്ടതും എല്ലാവരുടെയും ഉത്തരവാദിത്തമാണ്. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയുടെ അന്തസും വിശ്വാസ്യതയും തകരാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തനിക്കു മാത്രമല്ല വിസിമാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

മാര്‍ക്ക്ദാന വിവാദത്തില്‍ കേരള സാങ്കേതിക സര്‍വകലാശാലയ്ക്കു തെറ്റുപറ്റി. ചട്ടവിരുദ്ധമായി മാര്‍ക്ക് നല്‍കി വിദ്യാര്‍ഥിക്ക് ബിരുദം അനുവദിച്ച നടപടി തെറ്റാണ്. അധികാരപരിധിക്കു പുറത്തുള്ള കാര്യമാണു സര്‍വകലാശാല ചെയ്തത്. തെറ്റ് തിരിച്ചറിഞ്ഞ സര്‍വകലാശാല അതു തിരുത്തിയിട്ടുണ്ട്.

സിന്‍ഡിക്കേറ്റാണ് വിഷയത്തില്‍ തീരുമാനം എടുത്തത്. ആ തീരുമാനം അവര്‍ പിന്‍വലിച്ചിട്ടുണ്ട്. ചട്ടവിരുദ്ധമായി നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റ് തിരികെ വാങ്ങാന്‍ വേണ്ട നടപടി സര്‍വകലാശാലയും ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രി കെ.ടി.ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന സെക്രട്ടറിയുടെ റിപ്പോര്‍ട്ട് താന്‍ കൈപ്പറ്റിയിട്ടില്ല. ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 16നു വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിക്കും. പ്രശ്നങ്ങളെല്ലാം അതില്‍ ചര്‍ച്ച ചെയ്യുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സാങ്കേതിക സര്‍വകലാശാലയില്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് മന്ത്രി കെ.ടി.ജലീല്‍ ഇടപെടല്‍ നടത്തിയെന്ന ഗവര്‍ണറുടെ ഓഫിസിന്റെ റിപ്പോര്‍ട്ട് ഇന്നു രാവിലെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണു ഗവര്‍ണറുടെ പ്രതികരണം. ബിടെക് വിദ്യാര്‍ഥിയെ ജയിപ്പിക്കാനുള്ള മന്ത്രിയുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണറുടെ ഓഫിസ് സെക്രട്ടറിയാണു റിപ്പോര്‍ട്ട് നല്‍കിയത്.

ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാല അദാലത്തില്‍ മന്ത്രി പങ്കെടുത്തത് തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തോറ്റ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിര്‍ണയം നടത്താനുള്ള തീരുമാനം വൈസ് ചാന്‍സിലര്‍ അംഗീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.