തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്നത് സംബന്ധിച്ച് താൻ നടത്തിയ പ്രസ്താവനയെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ആരും എതിർത്തില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ സംസാരിച്ച പ്രതിപക്ഷ നേതാവിനോട് യുഡിഎഫ് വിഷയത്തിൽ ഇടപെടേണ്ട എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഗവർണറുടെ പ്രതികരണം.
“പെൻഷൻ അവസാനിപ്പിക്കാൻ എനിക്ക് അധികാരമില്ലെന്ന് അവർ പറയുന്നത് തികച്ചും ശരിയാണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മാത്രമേ അതിൽ തീരുമാനമെടുക്കാൻ കഴിയൂ. സർക്കാരും പ്രതിപക്ഷവും കൈകോർത്തുവെന്ന് നിങ്ങൾ പറയുമ്പോൾ – സർക്കാരിന്റെ ഭാഗത്ത് നിന്ന്, ഞാൻ പറഞ്ഞതിനെതിരെ ആരും ഒരു പ്രസ്താവനയും നടത്തിയില്ല, എനിക്കെതിരെ ഈ വിഷയത്തിൽ സംസാരിച്ച പ്രതിപക്ഷ നേതാവിനോട് ഇതിൽ തലയിടേണ്ടെന്ന് യുഡിഎഫ് പറഞ്ഞു. ഇവിടെ, ഓരോ മന്ത്രിമാരും 20-ലധികം ആളുകളെ ചുരുങ്ങിയ കാലയളവിലേക്ക് നിയമിക്കുന്നു, അവർ രണ്ട് വർഷത്തിന് ശേഷം പെൻഷന് അർഹരാകുന്നു. അതിന് ശേഷം അവർ സ്ഥാനങ്ങൾ രാജിവയ്ക്കുന്നു, പിന്നീട് മറ്റൊരു കൂട്ടം ആളുകൾ വരുന്നു. ഒരു ടേമിൽ, ഓരോ മന്ത്രിയും ഏകദേശം 45-50 പേരെ നിയമിക്കുന്നു, അവർ പിന്നീട് പാർട്ടിക്ക് വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കുന്നു. സർക്കാരിൽ നിന്ന് പെൻഷൻ രൂപത്തിലാണ് ഇവർ ശമ്പളം വാങ്ങുന്നത്. രാജ്യത്ത് ഒരിടത്തും ഇത്തരം സംഭവമില്ല. എല്ലാ പാർട്ടികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.” വിവാദം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ഗവർണർ പറഞ്ഞു.
വൈസ് ചാൻസലർ നിയമനവും തുടർന്നുണ്ടായ പ്രശ്നങ്ങളും സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധത്തെ ബാധിച്ചോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. “യഥാർത്ഥത്തിൽ, അത് കാഴ്ചപ്പാടിന്റെ വ്യത്യാസമായി കണക്കാക്കേണ്ടതില്ല. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) റെഗുലേഷനുകൾക്കായി സമർപ്പിച്ചിട്ടുണ്ടെങ്കിൽ, ആ ചട്ടങ്ങൾക്കനുസൃതമായി എല്ലാം ചെയ്യണം. ഇവിടെ വിസിയുടെ കാലാവധി പൂർത്തിയായി. ഒരു പുതിയ വിസിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ഞങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. യുജിസിയുടെയും സർവകലാശാലയുടെയും ചാൻസലറുടെയും ഓരോ പ്രതിനിധികൾ വീതമാണ് കമ്മിറ്റി രൂപീകരിച്ചത്. പെട്ടെന്ന്, അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായത്തെ ആയുധമാക്കിയ സർക്കാർ, ഏകദേശം 20-25 ദിവസമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയയെ തടസ്സപ്പെടുത്താൻ എന്നോട് ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ നിർത്തി അതേ ആളെ നിയമിക്കാൻ എന്നോട് പറഞ്ഞു. അതിനാൽ, ഞാൻ അതിനോട് യോജിക്കുന്നില്ലെന്നും എന്നാൽ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശവുമായി വന്നിരിക്കുന്നതിനാൽ ഞാൻ ശുപാർശ അംഗീകരിക്കുന്നതായും അവരോട് വ്യക്തമാക്കി,” ഗവർണർ പറഞ്ഞു.
ന്യൂനപക്ഷ വിഷയങ്ങളും ഹിജാബ് വിവാദത്തെയും കുറിച്ച് പ്രതികരിച്ച ഗവർണർ കേരളത്തിലെ മുസ്ലിങ്ങളും വടക്കേ ഇന്ത്യയിലെ മുസ്ലിങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി. വടക്ക് എല്ലാവരും വിഭജനത്തിന്റെ വേദന പേറുന്നവരാണ്. തെക്ക് അത് അറിഞ്ഞിട്ടില്ല. കേരളത്തിന്റെ ഏത് ഭാഗത്ത് പോയാലും എല്ലാവരും ഒരേ ഭാഷ സംസാരിക്കുകയും ഒരേ വസ്ത്രം ധരിക്കുകയും ചെയ്യുന്നത് കാണാം. ഭക്ഷണമോ ഭാഷയോ സംസ്കാരമോ അവരെ വേർതിരിക്കുന്നില്ലെന്ന് ഗവർണർ പറഞ്ഞു.