scorecardresearch

'കേരള സവാരി' ഇന്ന് മുതല്‍; സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വിസ്

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിൽ നടപ്പാക്കുന്ന കേരള സവാരി പദ്ധതി ഒരു മാസത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കും

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിൽ നടപ്പാക്കുന്ന കേരള സവാരി പദ്ധതി ഒരു മാസത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കും

author-image
WebDesk
New Update
Kerala Savari, Online taxi, Kerala news

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വിസ് 'കേരള സവാരി' പ്രവര്‍ത്തനം ആരംഭിച്ചു. യാത്രക്കാര്‍ക്കു ന്യായവും മാന്യവുമായ സേവനം ഉറപ്പുവരുത്തുകയും ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കുകയുമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Advertisment

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണു 'കേരള സവാരി' സേവനം ആരംഭിക്കുന്നത്. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ സുരക്ഷിതമായ യാത്ര കേരള സവാരി ഉറപ്പാക്കും. നാളെ ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമാകും. അധികം താമസിയാതെ തന്നെ ആപ്പ് സ്റ്റോറിലും കേരള സവാരി ലഭ്യമാകും.

പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരത്തിലാണു നടപ്പാക്കുന്നത്. തുടര്‍ന്നു വിലയിരുത്തല്‍ നടത്തി കുറ്റമറ്റ മാതൃകയില്‍ സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കും. കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരസഭാ പരിധികളില്‍ ഒരു മാസത്തിനുള്ളില്‍ കേരള സവാരി എത്തും.

മറ്റു ഓണ്‍ലൈന്‍ യാത്രാ പ്ലാറ്റുഫോമുകളിലെപ്പോലെ കേരള സവാരിയില്‍ നിരക്കില്‍ ഏറ്റക്കുറച്ചിലുണ്ടാവില്ല. മറ്റു ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ തിരക്കുള്ള സമയങ്ങളില്‍ ഒന്നര ഇരട്ടിവരെ ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്ന സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജ് മാത്രമാണ് കേരള സവാരിയില്‍ ഈടാക്കുക. മറ്റ് ഓണ്‍ലൈന്‍ ടാക്‌സികളില്‍ അത് 20 മുതല്‍ 30 ശതമാനം വരെയാണ്. സര്‍വീസ് ചാര്‍ജായി ലഭിക്കുന്ന തുക പദ്ധതി നടത്തിപ്പിനും യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പ്രമോഷണല്‍ ഇന്‍സെന്റീവ്‌സ് നല്‍കാനുമായി ഉപയോഗപ്പെടുത്തും.

Advertisment

സുരക്ഷയുടെ കാര്യത്തിലും കേരള സവാരിയ്ക്കു പ്രത്യേക ശ്രദ്ധയുണ്ട്. ഇതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷിതമായി ആശ്രയിക്കാവുമെന്നാണു സര്‍ക്കാര്‍ പറയുന്നത്. ആപ്പ് ഡിസൈനിങ്ങിലും ഡ്രൈവറുടെ റജിസ്ട്രേഷനിലും അടക്കം ഈ കരുതലിനു പ്രാധാന്യം നല്‍കിയിട്ടുണ്ട്. പദ്ധതിയില്‍ അംഗമാകുന്ന ഡ്രൈവര്‍മാര്‍ക്കു പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കൃത്യമായ പരിശീലനവും നല്‍കുന്നുണ്ട്.

ആപ്പില്‍ പാനിക് ബട്ടണ്‍ സംവിധാനമുണ്ട്. വാഹനാപകടം സംഭവിച്ചാലോ മറ്റേതെങ്കിലും തരത്തില്‍ അപകടസാധ്യത തോന്നിയാലോ ഈ ബട്ടണ്‍ അമര്‍ത്താം. ഡ്രൈവര്‍ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ യാത്രക്കാരനോ യാത്രക്കാരന്‍ ചെയ്താല്‍ ഡ്രൈവര്‍ക്കോ അറിയാനാവില്ല. ബട്ടണ്‍ അമര്‍ത്തി പൊലീസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍വാഹന വകുപ്പ് എന്നീ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ഇനി ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ പറ്റാത്തത്ര അപകടസാഹചര്യത്തിലാണെങ്കില്‍ നേരിട്ട് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു കണക്ടാവും.

വാഹനങ്ങളില്‍ സബ്‌സിഡി നിരക്കില്‍ ജി പി എസ് ഘടിപ്പിക്കും. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കും. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സജ്ജമാക്കി. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസിലാണ് ആധുനിക സംവിധാനങ്ങളോടെയുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍വിസ് സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും ഞൊടിയിടയില്‍ പരിഹാരം കണ്ടെത്താനാവും വിധമാണ് കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുക.

Online Taxi Service Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: