Latest News
അടുത്ത പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു

വടയമ്പാടി ഭൂ സമരം ഇടതുപക്ഷ സർക്കാരിന്റേത് വഞ്ചന: ജിഗ്നേഷ് മേവാനി

വടയമ്പാടി ഭൂസമരത്തിൻെറ പേരിൽ അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകരുൾപ്പടെയുളളവരെ നിരുപാധികം വിട്ടയ്ക്കണമെന്ന് ജിഗ്നേഷ് മേവാനി എംഎൽഎ

എറണാകുളം വടയമ്പാടി ഭജന മഠത്ത് ഭൂമി കയ്യേറ്റത്തിനെതിരെയും ജാതിമതിലിനെതിരെ സമരം നടത്തിയ എട്ട് ദലിത് പ്രവർത്തകരെയും സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് മാധ്യമ പ്രവര്‍ത്തകരെയും അറസ്റ്റു ചെയ്ത നടപടിയില്‍ പ്രതിഷേധമറിയിച്ച് ജിഗ്നേഷ് മേവാനി. പൊലീസിന്റെയും സർക്കാരിന്റെയും നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. അറസ്റ്റ് ചെയ്തവരെ നിരുപാധികം വിട്ടയക്കണമെന്ന് ജിഗ്നേഷ് മേവാനി എംഎൽഎ ആവശ്യപ്പെട്ടു.

ജാതിമതിലിനെതിരായ സമരം നടത്തിയവരെയും അത് റിപ്പോർട്ട് ചെയ്യാൻ എത്തിയവരെയും അറസ്റ്റ് ചെയ്ത നടപടി മാറ്റങ്ങൾ ഉൾക്കാനാവാത്തവരുടെ ജനാധിപത്യ ശബ്ദങ്ങളെയും മാധ്യമ സ്വാതന്ത്ര്യത്തെയും അടിച്ചമർത്തുന്ന സമീപനമാണ്. ഇവരെ നിരുപാധികം വിട്ടയക്കണമെന്നും ജിഗ്നേഷ് ആവശ്യപ്പെട്ടു.

സമര സമിതി കൺവീനർ എം.പി.അയ്യപ്പൻകുട്ടി. രാമകൃഷ്ണൻ പൂത്തേത്ത്, പി.കെ.പ്രകാശ്, വി.കെ.മോഹനൻ, വി.കെ.രാജേഷ്, വി.കെ.പ്രശാന്ത്, വി.ടി.പ്രവീൺ, ശശിധരൻ വടമ്പാടി എന്നീ പ്രവർത്തകരെയും സമരം റിപ്പോർട്ട് ചെയ്യാനെത്തിയ അഭിലാഷ് പാടച്ചേരി, അനന്തു രാജഗോപാൽ, ആശ എന്നീ മാധ്യമ പ്രവർത്തരെയും അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹമാണ്. കേരളാ പൊലീസിന്റെയും കേരള സർക്കാരിന്റെയും ജനാധിപത്യ വിരുദ്ധതയും ഏകാധിപത്യ പ്രവണതയുമാണ് ഇതിൽ കാണുന്നതെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.

ജാതി വിവേചനത്തിനെതിരെയും പൊതുഭൂമിയുടെ കൈയേറ്റത്തിനെതിരെയുമായിരുന്നു പ്രതിഷേധം. മൈതാനത്തെ അടച്ച് കെട്ടിയ ജാതി മതിൽ ഒരു വർഷം മുമ്പ് ഇവിടെ പൊളിച്ചുമാറ്റിയിരുന്നു. നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികളാണ് ഇവിടെ അധീശ്വതജാതിക്കാർ ചെയ്തത്. ജാതി വിവേചന നടപടികളാണ് അരങ്ങേറിയത്. നിരോധിക്കപ്പെട്ട അത്തരം പ്രവൃത്തികൾ നടപ്പാക്കിയവരെ അറസ്റ്റ് ചെയ്യുകയാണ് ചെയ്യേണ്ടത്. അതിന് പകരം ഒരു വർഷത്തിലേറെയായി സമരം ചെയ്യുന്നവർക്കെതിരെയാണ് നടപടിയെടുത്തത്. ആദ്യം സമരക്കാരുടെ പന്തൽ പൊളിക്കുകയും പിന്നീട് മാധ്യമ പ്രവർത്തകർ ഉൾപ്പടെയുളളവരെ കസ്റ്റിയിലെടുക്കുകയുമാണ് ചെയ്തത്.

കേന്ദ്രം ഭരിക്കുന്ന ആർഎസ്എസ് നയിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജനാധിപത്യ മൂല്യങ്ങളും സാമൂഹിക നീതിയും ഭരണഘടനാവകാശങ്ങളും അഭൂതപൂർവ്വമായ കടന്നാക്രമണത്തിന് വിധേയമാകുന്ന കാലമാണിത്. അധികാരത്തിലിരിക്കുന്ന ഫാസിസ്റ്റ് ശക്തികളെ എതിർക്കാനും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുളള പോരാട്ടത്തിന് ഈ കാലത്ത് മറ്റ് ശക്തികൾ ഉണ്ടാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ കേരള സർക്കാരിന്റെ വടയമ്പാടിയിലെ നടപടി അത്തരം പ്രതീക്ഷകളോടുളള തികഞ്ഞ വഞ്ചനയാണെന്ന് ജിഗ്നേഷ് മേവാനി അഭിപ്രായപ്പെട്ടു. ബ്രാഹ്മണിക്കലും അതോറിട്ടേറിയനുമായ മാനസികാവസ്ഥയയുടെ ദുർഗന്ധമാണ് കേരള സർക്കാരിന്റെ ഈ നടപടി പടർത്തുന്നത്.

കേരളത്തിൽ പൊലീസ് അതിക്രമവും കസ്റ്റഡി മരണങ്ങളും ഏറിവരുകയാണ്. പ്രത്യേകിച്ച് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമെന്ന് ജിഗ്നേഷ് ആരോപിച്ചു. ദലിത്, ആദിവാസി സമരങ്ങളെ പൊലീസ് വളരെ ക്രൂരമായാണ് അടിച്ചമർത്താൻ ശ്രമിക്കുന്നത്. വടയമ്പാടിയിലേത് ഒരു കളിസ്ഥലത്തിന്റെ പ്രശ്നമല്ല, പൊതുവഴിയിൽ നടക്കാനുളള സ്വാതന്ത്ര്യത്തിന്റെ വിഷയം കൂടെയാണ്. വർഷങ്ങൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത വഴി നടക്കാനുളള പൗരന്റെ അവകാശത്തെയാണ് എൽഡിഎഫ് സർക്കാർ ഹനിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala governments act against vadayamabdi land struggle is a complete betrayal jignesh mevani

Next Story
നാല് ബ്രാന്റുകളിലെ വെളിച്ചെണ്ണ നിരോധിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com