തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. സംസ്ഥാനത്ത് അരി വില സർവ്വകാല റെക്കോർഡിലേക്ക് കടക്കുമ്പോഴാണ് മന്ത്രി നിയസഭയിൽ ഇക്കാര്യം പറഞ്ഞത്. പ്രശ്‌നം പരിഹരിക്കാനായി മാർച്ച് 10നകം ബംഗാളിൽ നിന്ന് അരിയെത്തിക്കുമെന്നും മന്ത്രി സഭയിൽ അറിയിച്ചു. കൂടാതെ 2000 നീതി സ്റ്റോറുകൾ പുതിയതായി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

അരി വില കൂടിയത് കേരളത്തിൽ മാത്രമല്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു. അയൽ സംസ്ഥാനങ്ങളിലും അരിക്ക് വില കൂടിയെന്നും ഇത് രാജ്യ വ്യാപകമായി ഉണ്ടായ വിലക്കയറ്റമാണെന്നും അദ്ദേഹം സഭയിൽ അറിയിച്ചു. മുൻ സർക്കാർ കുടിശിക വരുത്തിയതിനാൽ വിതരണക്കാർ അരി നൽകുന്നില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

അന്യ സംസ്ഥാനങ്ങളിൽ നിന്നുളള അരിയുടെ വരവ് കുറഞ്ഞതാണ് അരിക്ക് വില കൂടാൻ ഇടയാക്കിയത്. ആന്ധ്രയിലും തമിഴ്‌നാട്ടിലും നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും അരി എത്തുന്നത്. എന്നാൽ ആന്ധ്രയിൽ അരി ഉത്പാദനത്തിലുണ്ടായ ഇടിവാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അരിയുടെ വില കിലോയ്‌ക്ക് 50 രൂപയോട് അടുക്കുകയാണ്. ജയ അരി 48 രൂപയും മട്ട അരിക്ക് 43 രൂപയും സുരേഖയ്‌ക്ക് 37 രൂപയുമാണ് ഇപ്പോൾ വില.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ