തിരുവനന്തപുരം: സവാള വിലവര്‍ധന നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. നാഫെഡ് വഴി നാസിക്കില്‍നിന്നു സവാള എത്തിക്കാനാണു നീക്കം. 50 ടണ്‍ സവാള കേരളത്തിലെത്തിക്കും.
കൊച്ചിയിലെയും കോഴിക്കോട്ടെയും സംഭരണശാലകളിലേക്കായിരിക്കും സവാള എത്തിക്കുക. ഇതിനായി ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നാസിക്കിലേക്കു പുറപ്പെട്ടു. നാസിക്കില്‍ നിന്നു കേരളത്തിലെത്തിക്കുന്ന സവാള കിലോയ്ക്കു 35 രൂപ നിരക്കില്‍ സപ്ലൈകോ വഴി വിതരണം ചെയ്യുകയാണു ലക്ഷ്യം.
വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസമാണു സവാള കയറ്റുമതി നിരോധിച്ചത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സവാള കയറ്റുമതി ചെയ്യരുതെന്നാണ് ഉത്തരവ്.
Read More: ഉള്ളിക്കിപ്പോ എന്താ വില! ട്രോളി സോഷ്യല്‍ മീഡിയയും
നിരോധനം ഉടനടി നടപ്പിലാക്കുമെന്നാണു മന്ത്രാലയം അറിയിച്ചത്. ഒരാഴ്ചയായി സവാളയുടെ വിലയില്‍ 80 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. മഹാരാഷ്ട്രയിലും കര്‍ണാടകയിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍തോതില്‍ വിള നശിച്ചതാണു സവാളയുടെ വില കുത്തനെ ഉയര്‍ത്തിയത്.
കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടി വിലയാണ് ഉള്ളിക്ക് വിപണിയിലുള്ളത്. ഡല്‍ഹി നഗരത്തില്‍ സവാളയുടെ വില ഒരു കിലോയ്ക്ക് 60 മുതല്‍ 80 രൂപവരെയാണ്. ഓഗസ്റ്റില്‍ കിലോയ്ക്ക് 28 രൂപയായിരുന്നു. സെപ്റ്റംബര്‍ 20-നുശേഷമാണു വില 60 രൂപയ്ക്കു മുകളിലെത്തിയത്.