തിരുവനന്തപുരം: അതിരപ്പിളളി വൈദ്യുതി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചു. 163 മെഗാവാട്ട് പദ്ധതിയാണ് ഇതെന്ന് മന്ത്രി എം.എം.മണി നിയസഭയിൽ അറിയിച്ചു. പദ്ധതിക്കായുളള സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

എന്നാൽ മന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. ആതിരപ്പിളളി പദ്ധതി നടപ്പാകില്ലെന്ന് കാനം പറഞ്ഞു. തീരുമാനം എടുക്കേണ്ടത് എൽഡിഎഫ് ആണെന്നും ഇക്കാര്യം പ്രകടന പത്രികയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.മന്ത്രി പറഞ്ഞത് വകുപ്പിന്റെ തീരുമാനമാകാം. എന്നാൽ എൽ ഡി എഫ്  പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. എൽ ഡി എഫിന്റെ പ്രകടന പത്രികയിലും അതിരപ്പിളളി പദ്ധതിനടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും കാനം പറഞ്ഞു

എൽഡിഎഫ് സർക്കാർ അധികാരമേറ്റെടുത്ത സമയത്ത് അന്ന് വൈദ്യുതി മന്ത്രിയായിരുന്ന കടകംപളളി സുരേന്ദ്രൻ അതിരപ്പിളളി പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ നിലപാട് എൽഡിഎഫ് നിലപാടല്ലെന്ന് പറഞ്ഞ് സിപിഐ ഇതിനെതിരെ മുന്നോട്ട് വന്നിരുന്നു. പരിസ്ഥിതിക്ക് നാശം വരുന്ന പദ്ധതിയാണിതെന്ന് സിപിഎം കൂടി നിലപാട് അറിയച്ചതോടെ കടകംപളളി പ്രസ്‌താവന തിരുത്തുകയും ചെയ്‌തിരുന്നു.

എൽഡിഎഫ് സർക്കാരിന്റെ മുൻ തീരുമാനങ്ങൾക്ക് വിരുദ്ധമാണ് എം.എം.മണിയുടെ ഇന്നത്തെ നിലപാട്. എൻ.ഷംസുദ്ദീൻ എംഎൽഎയുടെ ചോദ്യത്തിനാണ് മണിയുടെ  മറുപടി .

അതിരപ്പിളളിയിലേത് അടക്കം 15 ജലവൈദ്യുത പദ്ധതികളാണ് സർക്കാർ തുടങ്ങാനുദ്ദേശിക്കുന്നത്. ഇതെല്ലാം ചേർത്ത് 312 മെഗാവാട്ട് വൈദ്യുതിയാണ് ഉത്‌പാദിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഇക്കൂട്ടത്തിലെ ഏറ്റവും വലിയ പദ്ധതി അതിരപ്പിളളിയിലേതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ