തിരുവനന്തപുരം: സംസ്ഥാന-ദേശീയ പാതയോരത്തെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിനു മൂന്നു മാസത്തെ സമയം കൂടി ആവശ്യപ്പെടാൻ സർക്കാർ തീരുമാനിച്ചു. കൂടുതൽ സമയം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ തിങ്കളാഴ്ച ഹർജി നൽകും. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണു തീരുമാനം. മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്പോഴുണ്ടാകുന്ന പ്രാദേശിക എതിർപ്പുകൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. എതിർപ്പുകൾ ഒഴിവാക്കി മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിനുളള സാവകാശമായിരിക്കും സർക്കാർ തേടുക.

ദേശീയ, സംസ്‌ഥാന പാതയോരങ്ങളിൽ മദ്യവിൽപനയ്‌ക്കുള്ള നിരോധനം കടകൾക്കു മാത്രമല്ല, ഹോട്ടലുകൾക്കും ബാധകമാണെന്നു വ്യക്‌തമാക്കി സുപ്രീം കോടതി കഴിഞ്ഞയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 20,000 വരെ ജനസംഖ്യയുള്ള മുനിസിപ്പൽ, പഞ്ചായത്തു മേഖലകളിൽ മദ്യവിൽപനയ്‌ക്കുള്ള ദൂരപരിധി പാതയോരങ്ങളിൽനിന്ന് 220 മീറ്റർ എന്നാക്കി കുറയ്ക്കുകയും ചെയ്തു. ചീഫ് ജസ്‌റ്റിസ് ജെ.എസ്.കേഹാർ, ജഡ്‌ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, എൽ.നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്തെ 1,800 നും 1870നും ഇടയിലുള്ള മദ്യവിൽപനശാലകളെയാണ് സുപ്രീംകോടതി വിധി ബാധിക്കുക.‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ഒറ്റയടിക്ക് ഇത്രയധികം വിതരണകേന്ദ്രങ്ങൾ പൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യേണ്ടിവരുന്നത് കൺസ്യൂമർഫെഡിനും ബവ്റിജസ് കോർപറേഷനും കനത്ത വരുമാന നഷ്ടമുണ്ടാക്കും. അഞ്ഞൂറോളം ബിയർ-വൈൻ പാർലറുകളും ഇരുപതോളം ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ബാറുകളും പൂട്ടേണ്ടി വരും. മാഹിയിൽ 36 മദ്യശാലകൾ പൂട്ടേണ്ടി വരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ