scorecardresearch

പോപ്പുലര്‍ ഫ്രണ്ട് നിരോധനം: തുടര്‍ നടപടികളുമായി സംസ്ഥാനം; ഓഫിസുകള്‍ ഇന്ന് സീല്‍ ചെയ്യും

തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

PFI, Ban, Police

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും രാജ്യത്ത് നിരോധിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. പിഎഫ്ഐ ഓഫിസുകള്‍ മുദ്രവയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിര്‍ദേശിച്ചുകൊണ്ട് 1967-ലെ യുഎപിഎ നിയമപ്രകാരം ഉത്തരവിറക്കി.

സംസ്ഥാനത്ത് ഏകദേശം 140-ലധികം പിഎഫ്ഐ ഓഫിസുകള്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. പല ഓഫിസുകളും അനൗദ്യോഗികമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മതിയായ മുന്‍കരുതലുകള്‍ എടുത്ത ശേഷമായിരിക്കും നടപടിയിലേക്കു കടക്കുക. ആദ്യ ഘട്ടത്തില്‍ പതിനേഴ് പ്രധാന ഓഫിസുകളായിരിക്കും മുദ്രവയ്ക്കുക.

കോഴിക്കോട്ടെ സംസ്ഥാന സമിതി ഓഫിസിനു പുറമെ, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കാസര്‍ഗോഡ്, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി എന്നിവടങ്ങളിലെ ഓഫിസുകളാണു പൂട്ടുന്നത്. പിഎഫ്ഐ നേതാക്കളുടെ പട്ടിക എന്‍ഐഎ സംസ്ഥാന പൊലീസിന് കൈമാറിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെ പിഎഫ്ഐ പിരിച്ചുവിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താര്‍ ഇന്നലെ അറിയിച്ചിരുന്നു. സംഘടനയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അബ്ദുള്‍ സത്താറിനെ പൊലീസ് ഇന്നലെ ഉച്ചയ്ക്കുശേഷം കസ്റ്റഡിയിലെടുത്തിരുന്നു.

രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാരെന്ന നിലയില്‍ സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായി അബ്ദുള്‍ സത്താര്‍ പ്രസ്താവനയിൽ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും അബ്ദുള്‍ സത്താര്‍ കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala government to take action against pfi