scorecardresearch
Latest News

സംസ്ഥാനത്ത്‌ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി; രാജ്യത്ത് തന്നെ ആദ്യം

പെൻഷൻ, വിവാഹ ധനസഹായം, പഠന സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമനിധി

Pinarayi Vijayan
പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയുമായി സംസ്ഥാന സര്‍ക്കാര്‍. രാജ്യത്ത് തന്നെ ആദ്യമായാണ് തൊഴിലുറപ്പ് തൊഴിലാളുകൾക്കായി ക്ഷേമനിധി രൂപീകരിക്കുന്നത്‌.

പെൻഷൻ, വിവാഹ ധനസഹായം, പഠന സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമനിധി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിലും മഹാത്മാ അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിലും ഭാഗമായ 14 ലക്ഷത്തിലധികം കുടുംബങ്ങൾക്ക്‌ ക്ഷേമനിധിയുടെ ഗുണഫലം ലഭിക്കും. ക്ഷേമനിധിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് നിര്‍വഹിക്കും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും രജിസ്റ്റർ ചെയ്തവർക്ക് ക്ഷേമനിധിയിൽ അംഗത്വം ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളി പ്രതിമാസം അടയ്ക്കുന്ന 50 രൂപ അംശദായത്തിന് തുല്യമായ തുക സർക്കാർ വിഹിതമായി ക്ഷേമനിധിയിലേക്ക് നൽകും.

അടയ്ക്കുന്ന തുക തൊഴിലാളികളുടെ പെൻഷനും മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും. 18 വയസ് പൂർത്തിയായതും 55 വയസ് പൂർത്തിയാക്കിയിട്ടില്ലാത്തവരും അംഗത്വത്തിന് അപേക്ഷിക്കുന്ന വർഷമോ അതിനു തൊട്ടുമുമ്പുളള രണ്ടു വർഷങ്ങളിലോ ഏതെങ്കിലും ഒരു വർഷം കുറഞ്ഞത് 20 ദിവസം എങ്കിലും അവിദഗ്ദ്ധ തൊഴിലിൽ ഏർപ്പെട്ടിട്ടുളളവരുമായവർക്ക് ക്ഷേമനിധിയിൽ അംഗങ്ങളാകാം.

ക്ഷേമനിധിയുടെ ഭാഗമായി ലഭ്യമാകുന്ന ആനുകൂല്യങ്ങൾ

  • 60 വയസ് പൂർത്തിയായിട്ടുളളതും 60 വയസ് വരെ തുടർച്ചയായി അംശദായം അടച്ചിട്ടുളളതുമായി അംഗങ്ങൾക്ക് പെൻഷൻ.
  • 10 വർഷത്തിൽ കുറയാത്ത കാലത്തേക്ക് അംശദായം അടച്ചിട്ടുളള ഒരംഗം മരണപ്പെട്ടാൽ കുടുംബപെൻഷൻ.
  • അസുഖം അല്ലെങ്കിൽ അപകടം മൂലം ഒരംഗം മരണപ്പെട്ടാൽ സാമ്പത്തിക സഹായം.
  • അംഗഭംഗം അല്ലെങ്കിൽ അവശതമൂലം തൊഴിൽ ചെയ്യാൻ കഴിയാതെ നിധിയിലെ അംഗത്വം. അവസാനിപ്പിക്കേണ്ടിവന്നാൽ, ഒരംഗം അടച്ച അംശദായതുക വിനിർദ്ദേശിക്കപ്പെട്ട പലിശ സഹിതം തിരികെ ലഭ്യമാകുന്നു.
  • ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങൾക്ക് ചികിത്സയ്ക്കായി സാമ്പത്തിക സഹായം.
  • വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹം, വനിതാ അംഗങ്ങളുടെ പ്രസവം എന്നിവയ്ക്ക് സാമ്പത്തിക സഹായം.
  • അംഗങ്ങളുടെ മക്കളുടെ പഠനാവശ്യത്തിന് സാമ്പത്തിക സഹായം.

2005 ൽ ഇന്ത്യൻ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി രാജ്യത്ത് നിലവിൽ വന്നത്. ആദ്യം 200 ജില്ലകളിലാണ് പദ്ധതി ആരംഭിച്ചത്. അതിൽപ്പെട്ട ഒരു ജില്ലയാണ് പാലക്കാട്. ​ഇന്ന് രാജ്യത്താകെ 15.03 കോടി കുടുംബങ്ങളിലായി 26.81 കോടി തൊഴിലാളികൾ പദ്ധതിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala government to start welfare fund for thozhilurappu labours