തിരുവനന്തപുരം: നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നടത്തുന്നതിന് ആവശ്യമായ ട്രൂനാറ്റ് കിറ്റുകൾ വിദേശരാജ്യങ്ങളിലേക്ക് എത്തിച്ച് നൽകാൻ സംസ്ഥാന സർക്കാർ. റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ അതിന് പ്രയാസം നേരിടുന്നതുമായി ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സർക്കാർ ലഭ്യമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

എയർലൈൻ സർവീസുകളുടെ സഹകരണവും അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമുണ്ട്. യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിലവിൽ പരിശോധന സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ പരിശോധന സൗക്യങ്ങളില്ലാത്ത അതില്ലാത്ത സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് കിറ്റുകൾ എത്തിക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാർ വഴിയെ ഇക്കാര്യം നടപ്പാക്കാൻ സാധിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദേശരാജ്യങ്ങളിലേക്ക് അയക്കാനും മാത്രമുള്ള കിറ്റുകൾ സംസ്ഥാനത്തിന്റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: വൈദ്യുതി ബില്ലിലെ അധിക തുക: 50 ശതമാനം വരെ സബ്‌സിഡി അനുവദിക്കും, 40 യൂണിറ്റ് പരിധിയിലുള്ളവർ അധിക തുക നൽകേണ്ടതില്ല

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിലേ പ്രവാസികൾക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്താൻ സാധിക്കൂ എന്ന സംസ്ഥാന സർക്കാർ നിലപാട് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സർക്കാർ നിലപാട് ശരിയല്ലെന്നാണ് പ്രതിപക്ഷ ആരോപണം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാട് ശക്തമാക്കിയതോടെ പ്രവാസികളെല്ലാം വലിയ വിഷമത്തിലാണെന്നും ചെന്നിത്തല പറഞ്ഞു. “പ്രവാസികളെ സർക്കാർ മുടന്തൻ ന്യായങ്ങൾ പറഞ്ഞു വഞ്ചിക്കുകയാണ്. പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം മുടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രവാസികളുടെ തിരിച്ചുവരവ് എങ്ങനെ മുടക്കാം എന്നു ഗവേഷണം ചെയ്യുകയാണ് സർക്കാർ,” പ്രതിപക്ഷ നേതാവ് രമേശ് ചെന്നി്തതല പറഞ്ഞു.

Also Read: കേരളത്തിൽ ഇന്ന് 97 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വർധനവ്

യാത്രക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്താന്‍ പല രാജ്യങ്ങളിലും പ്രയാസം നേരിടുന്നതായി പ്രവാസികളും അവരുടെ സംഘടനകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ആന്റിബോഡി ടെസ്റ്റ് നടത്താമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഫലം പെട്ടെന്ന് ലഭിക്കും. ട്രൂ നാറ്റ് എന്ന പരിശോധനാ സമ്പ്രദായം വ്യാപകമായിട്ടുണ്ട്. കുറഞ്ഞ ചെലവേ വരൂ. സാമ്പത്തിക പ്രയാസം നേരിടുന്ന പ്രവാസികള്‍ക്കു സൗജന്യ ടെസ്റ്റ് നടത്താനുള്ള സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: പ്രവാസികൾ വലിയ വിഷമത്തിൽ; സർക്കാരിനെതിരെ വീണ്ടും ചെന്നിത്തല

ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിൽ എത്തുന്ന പ്രവാസികൾക്ക് മാത്രം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു സംസ്ഥാന സർക്കാർ ആദ്യമെടുത്ത തീരുമാനം. ഇതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് എല്ലാ പ്രവാസികൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം കൈക്കൊണ്ടത്.

Also Read: ഉറവിടമറിയാത്ത 60 കോവിഡ് കേസുകൾ, ആശങ്ക ആറ് ജില്ലകളിൽ; രോഗവ്യാപനപഠനം നടത്തും

നാട്ടിലേക്കു വരുന്നവരിൽ ഏതെങ്കിലും ഒരാൾക്ക് കോവിഡ് ഉണ്ടെങ്കിൽ ആ വിമാനത്തിലുള്ള എല്ലാവർക്കും രോഗം പകരാൻ സാധ്യതയുണ്ട്. ഇത് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിപ്പിക്കും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് കോവിഡ് നെഗറ്റീവ് ആയവരെ മാത്രം കേരളത്തിലേക്ക് കൊണ്ടുവരാമെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ എത്തിയത്. ശനിയാഴ്‌ച മുതൽ ഗൾഫിൽനിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.