തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമനചട്ടങ്ങളില്‍ സർക്കാർ ഭേദഗതി വരുത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നതെന്ന് സർക്കാർ പറയുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
വനിതകള്‍ നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിച്ച് സമൂഹത്തിന്റെ സമസ്ത മേഖലകളിലും ലിംഗപദവി തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നതെന്ന് മന്ത്രി കെ.കെ.ശെെലജ പറഞ്ഞു. സര്‍ക്കാര്‍ പൊതുമേഖലാ തലത്തില്‍ സ്ത്രീകള്‍ ഡ്രൈവര്‍മാരായി സേവനമനുഷ്ഠിക്കുന്നതിന് തടസമില്ലെന്നും ഇവിടങ്ങളിലെ തസ്തിക പുരുഷന്‍മാര്‍ക്ക് മാത്രമായി മാറ്റിവയ്ക്കേണ്ട ആവശ്യമില്ലെന്നും കണ്ടെത്തിയിരുന്നതായി ശെെലജ പറഞ്ഞു.
Read Also: കോട്ടയം ജില്ലയിലെ കോളേജുകൾ എസ്‌എഫ്‌ഐ തൂത്തുവാരി; മഹാരാജാസിനെ നയിക്കാന്‍ ദിവ്യ
കേരളത്തിലെ ജനസംഖ്യയില്‍ 51.4 ശതമാനം വനിതകളാണ്. എന്നാല്‍ വിവേചനങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് പൂര്‍ണമായും മോചനം ലഭിക്കുന്നതിനോ നിയമങ്ങള്‍ നല്‍കുന്ന സംരക്ഷണം പോലും പൂര്‍ണമായി അനുഭവിക്കുന്നതിനോ അവര്‍ക്കിനിയും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചതോടെ വലിയ മാറ്റമാണ് ഉണ്ടായത്. സര്‍ക്കാര്‍, പൊതുമേഖലാ തലത്തില്‍ സ്ത്രീകള്‍ ഡ്രൈവര്‍മാരായി സേവനമനുഷ്ഠിക്കുന്നതിന് തടസങ്ങളൊന്നുമില്ലെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു. ബസുകള്‍ ഉള്‍പ്പെടെ ഡ്രൈവിംഗ് മേഖലയില്‍ എല്ലാത്തരം വാഹനങ്ങളും സ്ത്രീകള്‍ ഓടിക്കുന്നുണ്ട്. അവര്‍ക്ക് അതിനുള്ള പ്രാപ്തിയും വിശ്വാസവുമുണ്ട്. അതിനാല്‍ തന്നെ സര്‍ക്കാര്‍, പൊതുമേഖലാ തലത്തില്‍ ഡ്രൈവര്‍ തസ്തിക പുരുഷന്‍മാര്‍ക്ക് മാത്രമായി മാറ്റിവയ്ക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകള്‍ ഓഫീസ് വാഹനം ഓടിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് അപാകതകളൊന്നുമില്ല. അതിനാലാണ് സര്‍ക്കാര്‍ പൊതുമേഖലാ സര്‍വീസിലെ മറ്റ് തസ്തികകള്‍ പോലെ തന്നെ ഡ്രൈവര്‍ തസ്തികയിലും സ്ത്രീപുരുഷ ഭേദമന്യേ എല്ലാവര്‍ക്കും ജോലി ചെയ്യുവാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നത്. ഇത്തരത്തില്‍ ലിംഗ വിവേചനത്തിനെതിര ധീരമായ കാല്‍വയ്പ്പ് നടത്തുന്നത് സമൂഹത്തില്‍ ലിംഗനീതി നടപ്പിലാക്കുവാനും സമൂഹത്തിന്റെ ഉയര്‍ച്ചക്കും സഹായകരമാകും. മാത്രമല്ല, സമൂഹത്തില്‍ സ്ത്രീകളോടുള്ള പൊതു കാഴ്ചപ്പാടിലും മാറ്റം വരുത്താന്‍ ഇതുമൂലം കഴിയുമെന്ന് കരുതുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.