ന്യൂഡൽഹി: ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരാനൊരുങ്ങി സംസ്ഥാന സർക്കാർ. ശബരിമലയുടെ ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടെ നിയമനിര്‍മാണം കൊണ്ടുവരാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇക്കാര്യം സർക്കാർ രേഖാമൂലം സുപ്രീംകോടതിയെ അറിയിച്ചു. നിലവിൽ തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള ശബരിമല ക്ഷേത്രത്തിന്‍റെ ഭരണകാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ മാർഗരേഖയുള്ളത് ദേവസ്വംബോർഡ് ചട്ടങ്ങളിലാണ്.
ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലെ ഭരണസംവിധാനം മാറ്റുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ജയതി ഗുപ്ത ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.
Also Read: കൊച്ചുവേളി എക്സ്പ്രസിൽ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമനിർമാണം നടത്തുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം പറഞ്ഞിരുന്നുവെങ്കിലും ബിജെപി സർക്കാർ രണ്ടാം വട്ടവും കേന്ദ്രത്തിൽ അധികാരത്തിലെത്തിയിട്ടും ഇതിൻമേൽ തുടർ നടപടികളൊന്നുമുണ്ടായിരുന്നില്ല. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ അത്തരം നിയമവഴികളിലൂടെ നീങ്ങില്ലെന്നാണ് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് അന്ന് വ്യക്തമാക്കിയത്.
ശബരിമല യുവതീപ്രവേശത്തിനു മുൻകൈ എടുക്കേണ്ടന്ന് സിപിഎം സംസ്ഥാന നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. ശബരിമല നിലപാടിലെ തെറ്റിദ്ധാരണ മാറ്റാൻ തുടർച്ചയായി ഇടപെടും. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചു മുന്നോട്ടു പോയാൽ മതി. എന്നാൽ ശബരിമല നിലപാടിൽ മാറ്റമില്ല, വിനയത്തോടെ ജനങ്ങളോട് ഇടപ്പെട്ട് വിശ്വാസം വീണ്ടെടുക്കണമെന്നുമായിരുന്നു തീരുമാനം.