scorecardresearch
Latest News

സംസ്ഥാനത്ത് മദ്യവില കൂടും; വില്‍പ്പന നികുതി ഉയര്‍ത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിനു വേണ്ടിയാണ് വില വര്‍ധിപ്പിക്കുന്നത്

സംസ്ഥാനത്ത് മദ്യവില കൂടും; വില്‍പ്പന നികുതി ഉയര്‍ത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഉയര്‍ത്താന്‍ സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തിനകത്ത് വിദേശ മദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികൾക്ക് ഈടാക്കുന്ന അഞ്ച് ശതമാനം ടേൺഓവർ ടാക്സ് ഒഴിവാക്കും. 1963-ലെ കേരള ജനറൽ സെയിൽസ് ടാക്സ് ആക്ട് പ്രകാരം ഈടാക്കുന്ന വിദേശ മദ്യത്തിന്റെ വിൽപ്പന നികുതി നാല് ശതമാനം വര്‍ധിപ്പിക്കും.

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന് അവരുടെ വെയർഹൗസ് മാർജിൻ ഒരു ശതമാനം വര്ഞധിപ്പിക്കാനും മന്ത്രിസഭാ യോഗം അനുമതി നൽകി. നിലവിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ഡിസ്റ്റിലറികളിൽ നിന്ന് സംഭരിക്കുന്ന വിദേശ മദ്യത്തിന്റെ വിലയിൽ മാറ്റമുണ്ടാകില്ല. എന്നാൽ വിദേശമദ്യത്തിന് രണ്ട് ശതമാനം വില വര്‍ധിക്കും.

ഡിസ്റ്റിലറികളുടെ ടേൺഓവർ ടാക്സ് ഒഴിവാക്കുമ്പോൾ സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാകും. അത് നികത്തുന്നതിന് വിദേശ മദ്യത്തിന് നിലവിൽ ചുമത്തുന്ന സംസ്ഥാന പൊതു വിൽപന നികുതി നിരക്കിൽ നാല് ശതമാനം വർധന വരുത്തും. അതിനായി 1963-ലെ കേരള പൊതു വിൽപന നികുതി നിയമത്തിൽ ഭേ​ദ​ഗതി വരുത്താൻ നിയമസഭയിൽ ബില്ല് അവതരിപ്പിക്കും.

2021-ലാണ് ഇതിനു മുന്‍പ് മദ്യത്തിനു വില കൂടിയത്. അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ധനവാണ് അന്നുണ്ടായത്. ഒരു കുപ്പി മദ്യത്തിനു പത്ത് രൂപ മുതല്‍ 90 രൂപ വരെയായിരുന്നു വര്‍ധിച്ചത്. നേരത്തെ കോവിഡ് സെസ് ഏര്‍പ്പെടുത്തിയ സമയത്തും മദ്യത്തിനു വില ഉയര്‍ന്നിരുന്നു.

സംസ്ഥാനത്ത് വില കുറഞ്ഞ മദ്യം കിട്ടാനില്ലെന്ന പരാതി വ്യാപകമാകുന്നതിനിടെയാണു വില വര്‍ധനവ്. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളില്‍ പലയിടങ്ങളിലും ബിയറും വൈനും മാത്രമാണുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടായേക്കുമെന്നാണു വിലയിരുത്തല്‍.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala government to increase liquor price by two percentage