scorecardresearch

രോഗം വരാന്‍ സാധ്യതയുള്ളവരെ തരംതിരിക്കും; പ്രത്യേക ശ്രദ്ധ നല്‍കും

തദ്ദേശസ്വയംഭരണ അതിര്‍ത്തിയില്‍ ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും

തിരുവനന്തപുരം: തദ്ദേശസ്വയംഭരണാതിര്‍ത്തിയില്‍ ഓരോ വാര്‍ഡിലും ഉള്ള രോഗം വരാന്‍ സാധ്യത കൂടുതലുള്ള (വള്‍നെറബിള്‍) ഗ്രൂപ്പിനെ പ്രത്യേകം അടയാളപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 60 വയസ്സിനു മുകളിലുള്ളവര്‍, ഹൃദയം, വൃക്ക, കരള്‍, പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ എന്നിവരാണ് ഈ ഗ്രൂപ്പില്‍ വരിക.

രോഗബാധിതരായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ ഡോക്ടറുമായി ബന്ധപ്പെടാന്‍ അവസരം വേണം. അതിന് തദ്ദേശസ്വയംഭരണ അതിര്‍ത്തിയില്‍ ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. അങ്കണവാടി പ്രവര്‍ത്തകര്‍ 37 ലക്ഷം വയോധികരുടെ വിവരങ്ങള്‍ അന്വേഷിക്കുകയും അവര്‍ക്കാവശ്യമായ സാഹയങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.

ആരെയെങ്കിലും ഡോക്ടര്‍ക്ക് കാണേണ്ടതുണ്ടെങ്കില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ വാഹനം അതിനായി ഉപയോഗിക്കാം. രോഗിയുടെ വീട്ടില്‍ ഡോക്ടര്‍ എത്തുന്ന ക്രമീകരണമാണ് ഉദ്ദേശിക്കുന്നത്. പ്രദേശത്തിന്റെ പ്രത്യേകതയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ രോഗികളെ ഇത്തരത്തില്‍ കാണേണ്ടിവരുമെങ്കില്‍ ഒരു മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഏര്‍പ്പെടുത്താവുന്നതാണ്.

Read More: ഓരോ ജില്ലയ്ക്കും പ്രത്യേക രോഗ പ്രതിരോധ പദ്ധതി

ഇക്കാര്യത്തില്‍ സ്വകാര്യമേഖലയുടെ സഹായവും തേടാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ജില്ലാ കലക്ടറും ഡി.എം.ഒയും കൂടി സ്വാകാര്യ മേഖലയിലെ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിക്കും. ടെലിമെഡിസിന്റെ കാര്യത്തിലും മൊബൈല്‍ യൂണിറ്റിന്റെ കാര്യത്തിലും എത്രത്തോളം സ്വകാര്യമേഖലയ്ക്ക് സഹായിക്കാനും സഹകരിക്കാനും പറ്റുമെന്നത് ആരായും. ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നേഴ്‌സ്, ഒരു പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റ് ആവശ്യമായ സജ്ജീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സജ്ജമാക്കേണ്ടതാണ്.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ആയൂര്‍വേദ മരുന്നുകളുടെ പ്രാധാന്യം പൊതുവെ അംഗീകരിച്ചിട്ടുണ്ട്. ആയൂര്‍വേദ/ ഹോമിയോ മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. മരുന്നുകള്‍ കൊണ്ടുപോകുന്നതിന് സംസ്ഥാനതലത്തിലായാലും അന്തര്‍സംസ്ഥാന തലത്തിലായാലും അനുമതി നല്‍കും.

Read More: സ്വകാര്യ ആശുപത്രികളേയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കും

സ്വകാര്യ ആശുപത്രികളെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കും. ഓരോ ആശുപത്രിയുടെയും സൗകര്യങ്ങള്‍ രണ്ട് ഭാഗമാക്കും. ഒരു ഭാഗം കോവിഡ് ചികിത്സയ്ക്കു മാത്രമായി മാറ്റിവയ്ക്കും. രണ്ടാമത്തെ ഭാഗം മറ്റ് അസുഖങ്ങള്‍ക്കുള്ളവര്‍ക്കായി മാറ്റിവയ്ക്കും. ഇത്തരത്തില്‍ വിഭജനം കഴിഞ്ഞാല്‍ ബാക്കി വരുന്ന ആ സ്ഥാപനത്തിലെ ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കണം. ഇതോടൊപ്പം ആയൂര്‍വ്വേദ മേഖലയിലും ഹോമിയോ വിഭാഗത്തിലുമുള്ള ചികിത്സാലയങ്ങളും മരുന്ന് ഷോപ്പുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫിസിയോതെറാപ്പിയുടെ യൂണിറ്റുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala government to identify vulnerable group