പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർമ്മാണത്തിന് വികസന സംഗമം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡെവലപ്പ്‌മെന്റ് പാര്‍ട്ട്‌നേഴ്‌സ് കോണ്‍ക്ലേവ് എന്ന പേരിൽ തിരുവനന്തപുരത്ത് വച്ചായിരിക്കും പരിപാടി നടക്കുക. സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും ജൂലൈ 15 ന് തിരുവനന്തപുരത്ത് നടക്കുന്ന സംഗമത്തിൽ വിദേശ ധനകാര്യ സ്ഥാപനങ്ങളടക്കം പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ പുനർനിർമ്മാണത്തിനായി രാജ്യത്തിന് പുറത്ത് നിന്നുള്ള ഏജൻസികളുമായി ചർച്ച നടത്തിവരികയാണെന്നും നഷ്ടപ്പെട്ട ആസ്തികളുടെ പുനർനിർമ്മാണം സമയബന്ധിതമായി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകബാങ്ക് വാഗ്ദാനം ചെയ്ത 1720 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കുമെന്നും 1400 കോടി രൂപയുടെ സഹായം ജര്‍മ്മന്‍ ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ബാങ്ക്, കെ.ഫ്.ഡബ്‌ള്യൂ, ജെയ്ക്ക, ഫ്രെഞ്ച് ഡവലപ്പ്‌മെന്റ് ഏജന്‍സി, ജര്‍മ്മന്‍ ഡവലപ്‌മെന്റ് ഏജന്‍സി, തുടങ്ങിയ ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ വികസന സംഗമത്തിന്റെ ഭാഗമാകും. സ്ഥാപനങ്ങളുമായി മേഖലകള്‍ തിരിച്ചുള്ള ധനകാര്യ ചര്‍ച്ച നടത്താനാണ് തീരുമാനം.

യുഎഇയിലെ റെഡ് ക്രെസന്റ് ആദ്യഘട്ട സഹായമെന്ന നിലയിൽ 20 കോടി നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസന സംഗമത്തിലൂടെ കൂടുതൽ സഹായം ഉറപ്പ് വരുത്താൻ സർക്കാരിന് സാധിക്കും.

അതേസമയം മൊറട്ടോറിയം നീട്ടാന്‍ വീണ്ടും ആര്‍ബിഐയെ സമീപിച്ചെന്ന് കൃഷമന്ത്രി വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു. കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടുന്ന കാര്യം റിസര്‍വ് ബാങ്ക് ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് കൃഷി മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ 31 വരെ കാലാവധി നീട്ടണമെന്നാണ് ആവശ്യപ്പെട്ടത്. സംസ്ഥാന തല ബാങ്കിങ് സമിതിയുടെ ഇടപെടലിലെ വീഴ്ചയാണ് മൊറട്ടോറിയം കാലാവധി നീട്ടുന്നതിൽ അവ്യക്തത ഉണ്ടാവാൻ കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.