തിരുവനന്തപുരം: ചാരക്കേസില്‍ നിയമവിരുദ്ധ അറസ്റ്റിനും പീഡനത്തിനും ഇരയായ മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് എസ് നമ്പിനാരായണനു നഷ്ടപരിഹാരമായി 1.3 കോടി രൂപ നല്കാന് സംസ്ഥാന മന്ത്രിസഭാ തീരുമാനം.
തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കാനാണു തുക നല്‍കുന്നത്. ഇതുസംബന്ധിച്ച മുന്‍ ചീഫ്സെക്രട്ടറി കെ. ജയകുമാറിന്റെ ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തു. നമ്പിനാരായണന് ഉന്നയിച്ച പ്രശ്നങ്ങള്‍ പരിശോധിക്കാനും കേസ് രമ്യമായി തീര്‍പ്പാക്കാനുമുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജയകുമാറിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.
നമ്പിനാരായണനു സുപ്രീംകോടതി നിര്‍ദേശപ്രകാരം 50 ലക്ഷം രൂപ നേരത്തെ നല്‍കിയിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷന് 10 ലക്ഷം രൂപയും ശുപാര്‍ശ ചെയ്തിരുന്നു. ഇതിനു പുറമേയാണു 1.3 കോടി നല്‍കുക. നിയമവിദഗ്ധരുമായി ആലോചിച്ച് തയാറാക്കുന്ന ഒത്തുതീര്‍പ്പുകരാര്‍ തിരുവനന്തപുരം സബ്കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം ഒന്നു വീതം വര്‍ധിപ്പിക്കും. ഇതിനായി കേരള പഞ്ചായത്ത് രാജ് ആക്റ്റും കേരള മുന്‍സിപ്പാലിറ്റി ആക്റ്റും ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും.
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പെന്ഷന് പ്രായപരിധി 60 വയസായി ഉയര്‍ത്തും. 2013 ഏപ്രില്‍ ഒന്നിനു മുമ്പ് ജോലിയില്‍ പ്രവേശിച്ച അംഗപരിമിതരായ സ്ഥിരം ജീവനക്കാര്‍ക്ക് ഇപി.എഫ് പെന്ഷന് അര്‍ഹത ലഭിക്കാനാണിത്.
വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങള്‍ക്ക് പ്രഖ്യാപിച്ച മൊറൊട്ടോറിയത്തിന്റെ കാലാവധി 2020 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കും. 2019 ലെ കേന്ദ്ര ചരക്കുസേവന നികുതി (ഭേദഗതി) നിയമത്തിന് അനുസൃതമായി തയാറാക്കിയ ഓര്‍ഡിനനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.