തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യാൻ പ്രത്യേക കമ്പനി രൂപീകരിക്കും. മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. പൂർണമായും സർക്കാർ ഉടമസ്ഥതയിലുളളതാവും കമ്പനി.

പെൻഷൻ നൽകേണ്ട തുക കമ്പനിക്ക് സർക്കാർ നൽകും. വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുളള പെൻഷൻ വിതരണം വരുത്തുന്ന കാലതാമസവും അനിശ്ചിതത്വവും ഒഴിവാക്കാനാണ് നടപടി. കമ്പനിയുടെ ഡയറക്‌ടര്‍ ബോര്‍ഡിന്‍റെ ചെയര്‍മാന്‍ ധനകാര്യ മന്ത്രിയും മാനേജിങ് ഡയറക്‌ടര്‍ ധനകാര്യ സെക്രട്ടറിയുമായിരിക്കും.

ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരമൊരു പദ്ധതി. ഇതിലൂടെ പ്രതിമാസം കൃത്യമായി പെൻഷൻ ആനുകൂല്യം ലഭിക്കുന്നവർക്ക് തുക വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. സംസ്ഥാന സഹകരണ നയത്തിന്റെ കരടും മന്ത്രിസഭ യോഗം ചർച്ച ചെയ്‌ത് അംഗീകരിച്ചു.

ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് എന്നീ നാലു മിഷനുകളുടെ കോ ഓര്‍ഡിനേറ്ററായി ചെറിയാന്‍ ഫിലിപ്പിനെ നിയമിക്കും. റാണി ജോര്‍ജിനു സഹകരണ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. പി.വേണുഗോപാലിന് ഐ ആൻഡ് പിആര്‍ഡി സെക്രട്ടറിയുടെ പൂര്‍ണ ചുമതല നൽകാനും തീരുമാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ