ആഘോഷങ്ങള്‍ എന്തു തന്നെയായാലും രണ്ടെണ്ണം അടിക്കാതെ ശരാശരി മലയാളികൾക്കും ഉറങ്ങാന്‍ സാധിക്കില്ലെന്നാണ് പൊതുവെയുള്ള പറച്ചില്. എന്നാല്‍ മദ്യക്കുപ്പി കയ്യിലെത്തണമെങ്കില്‍ കടയില്‍ പോയി അരിയും പഞ്ചാസാരയും വാങ്ങുന്ന പോലെ എളുപ്പമല്ല. വെയിലും മഴയുമെല്ലാം കൊണ്ട് ചിലപ്പോള്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വന്നേക്കാം.
കേരളത്തിലെ സ്ഥിതിയല്ല വിദേശരാജ്യങ്ങളില്‍, അവിടെ ക്യൂവിന്റെയൊന്നും ആവശ്യമില്ല. സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലാണ് ബിവറേജസ് ഔട്ട്ലറ്റുകള്. ആര്‍ക്കും വരാം ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം, കാർഡ് വഴി പണം നൽകാം.
കേരളവും ഈ മാതൃക പിന്തുടരാന് പിന്തുടരാൻ പോവുകയാണ്. ബിവറേജസ് ഔട്ട്ലറ്റുകളെല്ലാം സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയില്‍ വില്‍പ്പന കേന്ദ്രങ്ങളാക്കി മാറ്റാന്‍ പോവുകയാണ് സംസ്ഥാന സര്‍ക്കാര്‍. എക്സൈസ് മന്ത്രി എം വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്ക് മാറ്റമുണ്ടാക്കുമെന്നും ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം മദ്യം തെരഞ്ഞെടുക്കാവുന്ന വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങുമെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇതിനായി അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്നും മദ്യവില കുറയ്ക്കാൻ അടുത്തയാഴ്ചയോടെ നടപടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍ മാര്‍ക്കറ്റ് രീതിയിലേക്ക് മാറുന്നത് വളരെ സ്വീകാര്യമാണെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായവും. “ഞാനൊരു കൂലപ്പണി ചെയ്യുന്നയാളാണ്. വൈകുന്നേരം ഏഴ് മണി വരെ പണിയുന്ന ദിവസങ്ങളുണ്ടാകും. അതിനു ശേഷമായിരിക്കും മദ്യം വാങ്ങാനായി ബിവറേജസിലേക്ക് ചെല്ലുന്നത്. അവിടെയെത്തിക്കഴിഞ്ഞാല്‍ നീണ്ട ക്യൂവായിരിക്കും. ഒരു ദിവസം മുഴുവന്‍ പണിയെടുത്ത് മടുത്ത ഒരാളെ സംബന്ധിച്ച് വീണ്ടും മണിക്കൂറുകള്‍ ക്യൂ നില്ക്കുക എന്നത് ബുദ്ധിമുട്ടാണ്. പക്ഷെ മറ്റ് വഴികളൊന്നുമില്ല,” സൂപ്പര്‍ മാര്‍ക്കറ്റ് പോലെയായാല്‍ നന്നായിരിക്കും,” കോട്ടയം പാലാ സ്വദേശി രാജന് അഭിപ്രായപ്പെട്ടു.
Also Read: അന്ന് സി എ എ വിവാദം, ഇപ്പോൾ ആര് എസ് എസ് വേദി; കെ എന്‍ എ ഖാദറില്‍ തടഞ്ഞുവീണ് ലീഗ്
പുതിയ സംവിധാനം കൂടുതല്‍ സ്വകര്യപ്രദമായും സമൂഹത്തിന്റെ തുറിച്ചു ‘നോട്ടങ്ങളുമില്ലാതെ’ എളുപ്പത്തില്‍ മദ്യം വാങ്ങാന്‍ സഹായിക്കുമെന്നാണ് സ്ത്രീ സമൂഹത്തില്‍ നിന്നുയരുന്ന അഭിപ്രായം. “നമുക്ക് മദ്യം വാങ്ങണമെങ്കില്‍ ക്യൂ നില്ക്കുന്ന കാര്യം ചിന്തിക്കേണ്ടതില്ല. ഇനി ക്യൂ നിന്നാല്‍ തന്നെ വരിയിലുള്ള എല്ലാവരും നമുക്ക് നേരെയാകും നോട്ടം. പലപ്പോഴും സുഹൃത്തുക്കളോട് പറഞ്ഞാണ് മദ്യം വാങ്ങുന്നത്. സൂപ്പര്‍ മാര്‍ക്കറ്റ് രീതി വന്നാല്‍ നമുക്ക് തന്നെയങ്ങ് പോയി വാങ്ങാമല്ലോ. ആരുടെയും സഹായം വേണ്ടല്ലോ,” കാസർഗോഡ് സ്വദേശി ആശ്വതി പറഞ്ഞു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പോലുള്ള പ്രധാനപ്പെട്ട പല നഗരങ്ങളിലും ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിൽ ബിവറേജസ് ഔട്ട്ലറ്റുകള് പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിപ്പോയ പത്ത് ഔട്ട്ലെറ്റുകള് ഉൾപ്പെടെ തുറക്കാനും ഉത്തരവായിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പത്ത് ഔട്ട്ലെറ്റുകളാണ് തുറക്കാനിരിക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ഔട്ട്ലെറ്റുകള് ഉള്‍പ്പെടെ 91 ഷോപ്പുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
എന്നാൽ, വിദേശ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന പുതിയ നയങ്ങള്‍ പരമ്പരാഗത കള്ള് വ്യവസായത്തെ ഇല്ലാതാക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
“സര്‍ക്കാരിന്റെ പുതിയ തീരുമാനം ഉപഭോക്തക്കള്‍ക്ക് ഗുണകരമാണ്. എന്നാല്‍ പരമ്പരാഗത തൊഴിലാളി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ് ഇടതുപക്ഷ സര്‍ക്കാര്‍ തുടക്കം മുതല്‍ പറയുന്നത്. ഇത്തരത്തില്‍ വിദേശമദ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ ചെത്തു വ്യവസായം ഇല്ലാതാകാനുള്ള സാധ്യതകളാണുള്ളത്. അതുകൊണ്ടു തന്നെ കള്ള് വ്യവസായത്തെ നിലനിര്‍ത്താനുള്ള നടപടികളുമുണ്ടാകണം,” പാലാ കള്ള് വ്യവസായ തൊഴിലാളി യൂണിയന് (എ ഐ ടി യു സി) വൈസ് പ്രസിഡന്റ് കെ എസ് മോഹനന് പറഞ്ഞു.