/indian-express-malayalam/media/media_files/uploads/2018/04/kerala-team.jpg)
തിരുവനന്തപുരം: കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ജേതാക്കളായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഏപ്രില്‍ 6 ന് വിജയദിനം ആയി ആഘോഷിക്കും. 6 ന് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കേരള ടീമിന് സ്വീകരണം നല്‍കും. വൈകുന്നേരം 4 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സ്വീകരണം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ടീ ക്യാപ്റ്റന്‍ രാഹുല്‍ വി.രാജിനെയും കോച്ച് സതീവന്‍ ബാലനെയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. 14 വര്‍ഷത്തിനു ശേഷമുള്ള നേട്ടം കായിക കേരളത്തിന് ഊര്‍ജ്ജം നല്‍കുമെന്ന് മുഖ്യമന്ത്രി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.
കേരള ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ടീമിന് അഭിനന്ദനമറിയിച്ചത്. ''പതിനാലു വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിക്കുന്നു. ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും അഭിനന്ദനങ്ങള്‍,'' പിണറായി വിജയന്‍ പറഞ്ഞു.
ആവേശകരമായ മൽസരത്തിലൂടെ പെനാൽറ്റി ഷൂട്ടൗട്ടില്‍ ബംഗാളിനെ തോല്‍പ്പിച്ച് നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടില്‍ തകർത്താണ് കേരളം സന്തോഷ് ട്രോഫി കിരീടം നേടിയത്. കേരളത്തിന്റെ ഗോളി മിഥുന്റെ തകര്‍പ്പന്‍ പ്രകടനമാണ് കൈവിട്ടെന്ന് കരുതിയ കിരീടം കേരളത്തിലെത്തിച്ചത്. 4-2നാണ് കേരളത്തിന്റെ വിജയം.
കളിയവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ തീര്‍ത്ഥാങ്കര്‍ സര്‍ക്കാരിന്റെ ഗോളില്‍ നഷ്ടപ്പെട്ട കളി പശ്ചിമ ബംഗാള്‍ തിരിച്ചു പിടിക്കുകയായിരുന്നു. ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മൽസരങ്ങളിലൊന്നായിരിക്കും ഇന്ന് അരങ്ങേറിയ ഫൈനല്‍. അവസാന നിമിഷം വരെ വിജയത്തിനായി കേരളവും ബംഗാളും പോരാടിയപ്പോള്‍ പിറന്നത് സന്തോഷ് ട്രോഫിയുടെ പ്രതാപ കാലത്തേക്കുള്ള മടക്കയാത്ര കൂടിയാണ്.
അധികസമയത്തിന്റെ 27-ാം മിനിറ്റില്‍ വിപിന്‍ തോമസ് നേടിയ ഗോളിന്റെ കരുത്തില്‍ കേരളം വിജയം ഉറപ്പിച്ചതായിരുന്നു. ആറാമത്തെ സന്തോഷ് ട്രോഫിയാണ് കേരളം ബംഗാളിനെ പരാജയപ്പെടുത്തി സ്വന്തമാക്കിയത്. രണ്ട് തവണ ഫൈനലില്‍ പരാജയപ്പെടുത്തിയ ബംഗാളിനെതിരായ വിജയം കേരളത്തിന് മധുര പ്രതികാരമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us