scorecardresearch
Latest News

അപകടക്കെണിയൊരുക്കി ഓൺലൈൻ റമ്മികൾ; വീണ്ടും നിരോധിക്കുമോ കേരളം?

കഴിഞ്ഞ വർഷം ഫെബ്രുവരി 27ന് സംസ്ഥാന സർക്കാർ ഓൺലൈൻ റമ്മിക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ സെപ്റ്റംബറിൽ ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് ഈ ഉത്തരവ് റദ്ദാക്കി

അപകടക്കെണിയൊരുക്കി ഓൺലൈൻ റമ്മികൾ; വീണ്ടും നിരോധിക്കുമോ കേരളം?

തിരുവനന്തപുരം: ഓൺലൈൻ റമ്മിക്കു പൂട്ടിടാൻ പുതിയ നീക്കങ്ങളുമായി സംസ്ഥാന സർക്കാർ. പഴുതടച്ച നിയമഭേദഗതിയിലൂടെ വീണ്ടും നിരോധനം ഏർപ്പെടുത്താനാണു ശ്രമം. ചൂതാട്ടത്തിൽ സാമ്പത്തിക നഷ്ടം സംഭവിച്ച ചിലർ ആത്മഹത്യ ചെയ്തതോടെയാണു സർക്കാർ ഉണർന്നത്.

റമ്മി നിരോധനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നൽകിയ ശിപാർശ ആഭ്യന്തര വകുപ്പ്, നിയമ വകുപ്പിനു കൈമാറിയെന്നാണ് വിവരം. 1960 ലെ കേരള ഗെയിമിങ് നിയമത്തിലെ മൂന്നാം വകുപ്പ് ഭേദഗതി ചെയ്യാനാണ് നീക്കം. നിയമവകുപ്പ് നടപടിയുമായി മുന്നോട്ടു പോകാൻ ഒരുങ്ങുകയാണ്.

നിരോധനം മുൻപും

കഴിഞ്ഞ വർഷം ഫെബ്രുവരി 27ന് സംസ്ഥാന സർക്കാർ ഓൺലൈൻ റമ്മിക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയിരുന്നു. ചൂതാട്ടത്തിൽ ഏർപ്പെട്ട് പണം നഷ്ടപ്പെട്ട യുവാക്കൾ ആത്മഹത്യ ചെയ്തതിനെത്തുടർന്നുണ്ടായ പൊതുതാൽപ്പര്യ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ സെപ്റ്റംബറിൽ ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് ഈ ഉത്തരവ് റദ്ദാക്കി.

റമ്മി കളി മൽസര നൈപുണ്യവുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സർക്കാർ ഉത്തരവ് റദ്ദാക്കിയത്. സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഓൺലൈൻ റമ്മി കമ്പനികൾ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി വിധി.

പണം വച്ചുള്ള ഓൺലൈൻ റമ്മി കുറ്റകരമാക്കി 1960 ലെ കേരള ഗെയിമിങ് നിയമത്തിലെ 14 എ വകുപ്പ് ഭേദഗതി ചെയ്താണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

ജീവനെടുത്തത് ഇരുപതിലധികം പേരുടെ

ഓൺലൈൻ റമ്മി കളിച്ചു പണം നഷ്ടമായ ഇരുപതിലധികം പേർ സംസ്‌ഥാനത്ത്‌ ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ കണക്ക്. ലോക്ക്ഡൗൺ സമയത്താണ് കൂടുതൽ പേർ ഓൺലൈൻ റമ്മിയിലേക്കു തിരിയുന്നത്. പലർക്കും ലക്ഷങ്ങളുടെ നഷ്ടമാണ് ഇതിലൂടെ സംഭവിച്ചത്. ഓൺലൈൻ റമ്മി കളിച്ച് 22 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തതോടെയാണ് സർക്കാർ ആദ്യമായി നിയമഭേദഗതി കൊണ്ടുവന്നത്.

കഴിഞ്ഞ ഏപ്രിലിൽ കോഴിക്കോട് കൊയിലാണ്ടിയിൽ ഓൺലൈൻ റമ്മിയിലൂടെ ഇരുപത് ലക്ഷത്തോളം നഷ്ടപ്പെട്ട യുവതി ആത്മഹത്യ ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് കേരളത്തിലെ പ്രമുഖ മാധ്യമസ്ഥാപനത്തിലെ ജീവനക്കാരൻ ഇതേ കാരണത്താൽ ആത്മഹത്യ ചെയ്തത്. ഇതിനു പിന്നാലെയാണു റമ്മി നിരോധിക്കാനുള്ള നീക്കവുമായി സർക്കാരും മുന്നോട്ടു പോകുന്നത്.

ഉപയോക്താക്കളെ ആകർഷിക്കുന്നത് സെലിബ്രിറ്റി പരസ്യങ്ങളിലുടെ

പരസ്യങ്ങളിൽ ആകൃഷ്ടരായാണ് കൂടുതൽ പേരെയും ഇത്തരം റമ്മി ആപ്പുകൾക്ക് അടിമകളാകുന്നത്. വിരാട് കോഹ്ലി മുതലുള്ള സെലിബ്രിറ്റികളെ ഉപയോഗിച്ചാണ് പരസ്യങ്ങൾ. മലയാളത്തിൽ നടൻ ലാൽ, റിമി ടോമി, അജു വര്ഗീസ് ഉൾപ്പെടെ ഉള്ളവരാണ് ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നത്. കൂടാതെ റമ്മി കളിച്ച് പണം ലഭിച്ചവർ എന്ന തരത്തിൽ ആളുകൾ അനുഭവം പറയുന്ന ടെസ്റ്റിമോണിയൽ പരസ്യങ്ങളും സജീവമാണ്.

ഇത്തരം പരസ്യങ്ങളിൽ സെലിബ്രിറ്റികൾ അഭിനയിക്കുന്നതിരെ പ്രതിഷേധങ്ങൾ വ്യാപകമാണ്. മനുഷ്യന്റെ ജീവനെടുക്കുന്ന തരത്തിൽ ഓൺലൈൻ റമ്മികൾ മാറുമ്പോൾ ഉപയോക്താക്കളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നതിലൂടെ സാമൂഹ്യവിപത്താണ് സെലിബ്രിറ്റികൾ സൃഷ്ടിക്കുന്നതെന്ന ആരോപണം ശക്തമാണ്.

നേരത്തെ, മോഹൻലാലിന്റ ‘വൈകിട്ടെന്താ പരിപാടി’ എന്ന പരസ്യത്തിനെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ‘ഒറിജിനൽ ചോയ്‌സിന്റെ’ പരസ്യം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നായിരുന്നു വിമർശനം. ഇതിനേക്കാൾ അപകടമാണ് റമ്മി പരസ്യങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala government to ban online rummy games