തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്‌ത്തും. ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരാണ് നീക്കങ്ങൾ നടത്തുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ചട്ടവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്നാണ് ജേക്കബ് തോമസിനെതിരെ നടപടിക്ക് ഒരുങ്ങുന്നത്.

2020 മേയ് മാസത്തിൽ ജേക്കബ് തോമസ് വിരമിക്കാനിരിക്കെയാണ് സർക്കാർ നീക്കം. തരംതാഴ്‌ത്തൽ ശുപാർശ ചെയ്‌ത് ചീഫ് സെക്രട്ടറി അയച്ച ഫയലിൽ സർക്കാർ ഒപ്പുവച്ചു. ഫയൽ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ അനുമതിക്കായി അയക്കും. കേന്ദ്ര സർക്കാർ കൂടി തരംതാഴ്‌ത്തൽ നടപടിയിൽ തീരുമാനമെടുക്കേണ്ടി വരും. 1985 ബാച്ചുകാരനാണ് ജേക്കബ് തോമസ്.

ചട്ടവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് ജേക്കബ് തോമസിനെ നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. സർക്കാരിനെതിരെ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. അതിനു പിന്നാലെയാണ് ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്‌തത്. ഇതേ തുടർന്ന് ജേക്കബ് തോമസ് കോടതിയെ സമീപിച്ചു. കാരണം പറയാതെ സർവീസിൽ നിന്ന് മാറ്റി നിർത്തിയ സർക്കാർ നടപടിയെ ചോദ്യം ചെയ്താണ് ജേക്കബ് തോമസ് ട്രിബ്യൂണലിനെ സമീപിച്ചത്.

Read Also: Horoscope Today January 22, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്നായിരുന്നു അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ്. യോഗ്യതക്ക് തുല്യമായ പദവി നൽകണമെന്ന് ട്രിബ്യൂണൽ ബഞ്ച് ഉത്തരവിട്ടിരുന്നു. ട്രിബ്യൂണൽ ബഞ്ച് ഉത്തരവിനെ തുടർന്ന് ജേക്കബ് തോമസിന് സർക്കാർ വീണ്ടും ചുമതല നൽകിയിരുന്നു. സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായാണ് സർക്കാർ പുതിയ ചുമതല നൽകിയത്.

പുതിയ നിയമനം ലഭിച്ച ഉടൻ, താൻ ഇരുമ്പ് ഉണ്ടാക്കാൻ പഠിച്ചിട്ടില്ലെന്നായിരുന്നു ജേക്കബ് തോമസ് പ്രതികരിച്ചത്. ഒരു ഡിജിപിയുടെ പണി ഇരുമ്പ് ഉണ്ടാക്കലാണ് എന്നത് സര്‍ക്കാരിന്റെ തീരുമാനമാണല്ലോ, ഡിജിപി റാങ്കിലുള്ള ഒരാള്‍ ഇടപെടേണ്ട ക്രമസമാധാന പ്രശ്നം ഇരുമ്പുണ്ടാക്കുന്നിടത്ത് ഉണ്ടോയെന്ന് അറിയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.