ന്യൂഡൽഹി: നിയമലംഘനം നടന്നുവെന്ന് കണ്ടെത്തിയ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള കർമ്മ പദ്ധതി സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. ഒക്ടോബർ 11 മുതൽ ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങും. മൂന്ന് മാസം കൊണ്ട് കെട്ടിടങ്ങൾ പൂർണമായും പൊളിക്കുമെന്നും 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കും.

ഫ്ലാറ്റ് പൊളിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികളും സർക്കാർ കോടതിയെ അറിയിക്കും. ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിന് സ്‌പെഷ്യൽ ഓഫീസറെ നിയമിച്ചതായും വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതായും സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തും. വരും ദിവസങ്ങളിൽ തന്നെ താമസക്കാരെ ഫ്ലാറ്റിൽ നിന്ന് ഒഴിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഞായറാഴ്ച മുതൽ ഒഴിപ്പിക്കൽ ആരംഭിക്കും.

Also Read: ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ കുരുക്ക് മുറുകുന്നു; കേസ് ക്രൈം ബ്രാഞ്ചിന്

അതേസമയം മരടില്‍ അനധികൃതമായി ഫ്‌ളാറ്റ് നിര്‍മ്മിച്ച കമ്പനികള്‍ക്കെതിരെ കുരുക്ക് മുറുക്കി സര്‍ക്കാര്‍. ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരായ അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല. മരട്, പനങ്ങാട് പൊലീസ് സ്റ്റേഷനുകളിലാണ് ഫ്ളാറ്റ് ഉടമകള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കമ്പനി ഉടമകളെ കൂടാതെ അനധികൃത നിർമ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ, ജനപ്രതിനിധികള്‍ എന്നിവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് തീരുമാനം. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഡിജിപിയാണ് ഉത്തരവിട്ടത്. ഐപിസി 406, 420 വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണിത്. ആൽഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ നിർമ്മാണക്കമ്പനികളുടെ ഉടമകളാണ് കേസിലെ പ്രതികൾ.

Also Read: മരട്: ഒക്ടോബർ 11 മുതൽ ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങും; വൈദ്യുതി ബന്ധം വിച്ഛേദിച്ചു

കഴിഞ്ഞ ദിവസം ഫ്ലാറ്റുകളിലെ വൈദ്യൂതി ബന്ധം വിച്ഛേദിച്ചിരുന്നു. നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ഒരേ സമയത്താണ് വിച്ഛേദിച്ചത്. കനത്ത പൊലീസ് സുരക്ഷ ഒരുക്കിയാണ് കെഎസ്ഇബിയുടെ നടപടി. അതേസമയം ജനറേറ്റർ ഉൾപ്പടെയുള്ള ബദൽ മാർഗമൊരുക്കി സർക്കാർ നടപടികളെ നേരിടുകയാണ് ഫ്ലാറ്റുടമകൾ. ലർച്ചെ എത്തി ആരും അറിയാതെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്ലാറ്റ് ഉടമകൾ ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.